ആന്‍ലിനയുടെ കത്ത് ഫലംകണ്ടു; മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കലക്ടറെത്തി
text_fieldsതൃപ്പൂണിത്തുറ: കുഞ്ഞുപ്രായത്തിൽ ആഗ്രഹം നിറവേറിയതിെൻറ സന്തോഷത്തിലാണ് ആന്‍ലിന അജു എന്ന ഒമ്പതുവയസ്സുകാരി. കൊച്ചി നേവല്‍ ചില്‍ഡ്രന്‍സ് സ്കൂളില്‍ നാലാംക്ലാസ് വിദ്യാർഥിനിയായ ആന്‍ലിന മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതിയിരുന്നു. എരൂര്‍ കണിയാമ്പുഴയുടെ തീരത്തുകൂടെയാണ് ആൻലിന ദിവസവും സ്കൂളില്‍ പോയിരുന്നത്. കോവിഡ് കാലത്തിനുശേഷം വീണ്ടും സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് കത്തെഴുതിയത്. കണിയാമ്പുഴയുടെ തീരം മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യവും അറവുമാലിന്യവും നിറഞ്ഞ് വൃത്തിഹീനമാണ്.
പാലത്തില്‍നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ മഴ പെയ്യുമ്പോള്‍ പുഴവെള്ളത്തില്‍ കലരുന്നുമുണ്ട്. മലിനമായ പുഴ കാമറയിൽ പകർത്തി ഇതിന് പരിഹാരം തേടിയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയോടൊപ്പം മലിനമാകുന്നതിനുമുമ്പും ശേഷവുമുള്ള പുഴയുടെ ചിത്രങ്ങളും അയച്ചിരുന്നു. കത്ത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ഉചിത നടപടിയെടുക്കാൻ കലക്ടറെയും പരാതി പരിഹാര സെല്ലിനെയും ചുമതലപ്പെടുത്തിയിരുന്നു. തുടർന്നാണ് കലക്ടര്‍ ജാഫര്‍ മാലിക് കുട്ടിയെ എരൂരിലെ വസതിയിലെത്തി നേരിൽ കണ്ടത്.
മാലിന്യം തള്ളൽ സ്ഥലങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെയും തൃപ്പൂണിത്തുറ മുനിസിപ്പല്‍ സെക്രട്ടറിയെയും കലക്ടര്‍ ചുമതലപ്പെടുത്തി. ആന്‍ലിയയെ എല്ലാവരും മാതൃകയാക്കണമെന്നും നേവല്‍ സ്കൂളിനെയും മറ്റ് സ്കൂള്‍, കോളജ് വിദ്യാർഥികളെയും പങ്കെടുപ്പിച്ച് കാമ്പയിന് സംഘടിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഉപഹാരവും നല്കി. 2020ലെ സംസ്ഥാന സര്‍ക്കാറിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവ് കൂടിയായ ആന്‍ലിന നാവികസേന ലഫ്. കമാന്‍ഡര്‍ അജു പോളിെൻറയും ആന്‍ മേരി ജയിംസിെൻറയും മകളാണ്. നഗരസഭ കൗണ്‍സിലര്‍ ബിന്ദു ശൈലേന്ദ്രന്, നടമ വില്ലേജ് ഓഫിസര്‍ എസ്. അമ്പിളി, ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയര്‍ ടി. സന്ധ്യ, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ നോഡല്‍ ഓഫിസര്‍ എല്‍ദോ ജോസഫ്, ശ്രീജി തോമസ് തുടങ്ങിയവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.