ഫര്‍ണീച്ചര്‍ കടക്ക് തീപിടിച്ച് മരിച്ചയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
text_fieldsതൃപ്പൂണിത്തുറ: പേട്ടയില്‍ ഫര്‍ണീച്ചര്‍ കടക്ക് തീപിടിച്ച് മരിച്ചയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരട് തുരുത്തിക്ഷേത്രത്തിനു സമീപം താമസിക്കുന്ന പ്രസന്നന്‍ (45) ആണ് കഴിഞ്ഞ ദിവസം പേട്ടയിലെ സുനീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫര്‍ണീച്ചര്‍ കടയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. ലോട്ടറി ടിക്കറ്റിൻെറ റിസല്‍ട്ട് വരുന്ന പേപ്പറിന്റെ മറുവശത്തായിരുന്നു ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്.
ഡാനി, സുനീര്‍, സന്തോഷ് എന്നീ മൂന്നുപേരുകളാണ് തൻെറ മരണത്തിനു കാരണക്കാരെന്ന് പ്രസന്നന്‍ കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഡാനി 2,25,000 രൂപയും സന്തോഷ് 50,000 രൂപയുമാണ് നല്‍കാനുള്ളത്. ഇതില്‍ പ്രസന്നൻെറ സ്ഥലം സുനീറിന് വിറ്റവകയില്‍ 5,50,000 രൂപ നല്‍കാനുള്ളതായും കുറിപ്പില്‍ പറയുന്നു. തൻെറ മരണത്തിന് ഉത്തരവാദി സുനീര്‍ ആണെന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. കാശുതരാനുണ്ടായിട്ടും പലപ്രാവശ്യം ചോദിച്ചെങ്കിലും തിരിച്ചു തരാതിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
സുനീറിൻെറ ഫര്‍ണീച്ചര്‍ കടയില്‍വെച്ചാണ് പ്രസന്നന്‍ മരണപ്പെടുന്നത്. മരിക്കുന്നതിൻെറ തലേദിവസം പ്രസന്നന്‍ കന്നാസുമായി പോകുന്നത് കണ്ടതായി ചില നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മരട് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ എഴുതുന്ന ആത്മഹത്യാക്കുറിപ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രസന്നൻെറ ബന്ധുക്കള്‍ മുറി പരിശോധിച്ചതിൻെറ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയായിരുന്നു. പിന്നീട് വികസനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി.രാജേഷും ബന്ധുക്കളും മരട് പൊലിസ് സ്റ്റേഷനില്‍ കുറിപ്പ് കൈമാറി. കേസില്‍ ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതിയും നല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമാണ് സത്യാവസ്ഥ പുറത്തുവരൂവെന്നും മരട് പോലിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.