നിറഞ്ഞ സ്നേഹത്തോടെ അമ്മക്ക്; ദേശീയ തപാല്‍ ദിനത്തില്‍ അമ്മക്ക് കത്തെഴുതി ഉദയംപേരൂര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍
text_fieldsതൃപ്പൂണിത്തുറ: ആഗ്രഹങ്ങളും ആശങ്കകളും പങ്കിട്ട് അമ്മമാർക്ക് ദേശീയ തപാൽ ദിനത്തിൽ കത്തുകൾ എഴുതി ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികൾ. 3000ൽപരം വിദ്യാർഥികളാണ് അധ്യാപകരുടെയും പി.ടി.എയുടെയും സഹായത്തോടെ രക്ഷകർത്താക്കൾക്കായി ഇൻലൻഡിൽ കത്തെഴുതിയത്. നാളിതുവരെ ഒരിക്കലും ഇന്‍ലൻഡ് കാണാത്ത കുട്ടികൾ സ്വന്തം കൈപ്പടയിൽ നിറഞ്ഞ സ്നേഹത്തോടെ അയച്ച കത്തുകൾ വേറിട്ട അനുഭവമാണ് കുട്ടികള്‍ക്കും വിദ്യാലയത്തിലും സൃഷ്ടിച്ചത്.
കുട്ടികളിൽ പലർക്കും അവരുടെ കൊച്ചു കുസൃതികളും സ്വപ്നങ്ങളും പരാതികളും പങ്കുവെക്കാനുള്ള അവസരവുമായിരുന്നു. ക്ലാസുകളിൽനിന്ന് ശേഖരിച്ച കത്തുകളുമായി ക്ലാസ് ലീഡര്‍മാർ ഉദയംപേരൂർ പോസ്റ്റ് ഓഫിസിൽ എത്തി പോസ്റ്റ് ചെയ്തു. ഉദയംപേരൂർ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മിസ്ട്രസ് പി.കെ. രമയും ജീവനക്കാരും പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
പനമ്പിള്ളി നഗർ പോസ്റ്റ് ഓഫിസ് ജീവനക്കാരനും വിദ്യാലയത്തിലെ കുട്ടിയുടെ രക്ഷിതാവുമായ ടി.പി. സതീഷാണ് ഇത്രയധികം ഇന്‍ലൻഡുകൾ ലഭ്യമാക്കാൻ സ്കൂളിനെ സഹായിച്ചത്.
പ്രിൻസിപ്പൽ കെ.പി. വിനോദ് കുമാർ, പ്രധാനാധ്യാപിക എം.പി. നടാഷ, പി.ടി.എ പ്രസിഡന്റ് കെ.ആർ. ബൈജു, എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് എൽ. സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, അധ്യാപകരായ ടി. സർജു, സ്മിത കരുൺ, ലക്ഷ്മി ബോസ്, ടി.എസ്. രൂപേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.