ഓപറേഷന്‍ വാഹിനിയിലൂടെ തുമ്പിച്ചാലിന് പുതുജീവൻ
text_fieldsകീഴ്മാട്: മാനത്ത് കാർമേഘം ഇരുണ്ടുകൂടുമ്പോഴേക്കും വീടുവിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറേണ്ട ഗതികേടിലായിരുന്നു കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാലിന്‍റെ കരയിലുള്ള ആറു കുടുംബങ്ങൾ. രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയായിരുന്നു. ചളിയും മറ്റും നിറഞ്ഞ് കാലങ്ങളായി നശിച്ചുകിടക്കുകയായിരുന്നു ഈ ജലാശയം.
എന്നാൽ, ഓപറേഷന്‍ വാഹിനി പദ്ധതിയുടെ ഭാഗമായി എക്കലും ചളിയും നീക്കി ആഴം വര്‍ധിപ്പിച്ചതോടെ തുമ്പിച്ചാലിന് കൂടുതൽ വെള്ളം ഉള്‍ക്കൊള്ളാനായി. ഈ മാസം പെയ്ത ശക്തമായ മഴയിലും തുമ്പിച്ചാല്‍ കവിഞ്ഞില്ല. ഇത് പ്രദേശവാസികള്‍ക്ക് ആശ്വാസമായി.
പത്തര ഏക്കറുള്ള ചിറയാകെ പായലും ചളിയും നിറഞ്ഞ അവസ്ഥയിലായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിച്ചുമായിരുന്നു ശുചീകരണം. വിവിധ ഏജന്‍സികളുമായി സഹകരിച്ച് തുമ്പിച്ചാലിൽ ടൂറിസം പ്രോജക്ട് ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് കീഴ്മാട് പഞ്ചായത്ത് പ്രസിഡന്‍റ് സതി ലാലു പറഞ്ഞു.
തുമ്പിച്ചാലിലേക്ക് സന്ദർശക പ്രവാഹം
കീഴ്മാട്: തുമ്പിച്ചാൽ മാനോഹരമാക്കിയതോടെ ഇവിടേക്ക് സന്ദർശകരുടെ ഒഴുക്കാണ്. മുമ്പ് പ്രഭാത, സായാഹ്ന സവാരിക്കാരാണ് കൂടുതലായും ഇവിടെ എത്തിയിരുന്നത്. തണ്ണീർത്തടത്തിന് നടുവിലൂടെ പോകുന്ന റോഡിലായിരുന്നു നടത്തം.
പ്രകൃതിഭംഗിയേറെയുള്ള തുമ്പിച്ചാൽ പ്രദേശം എന്നും ആളുകളെ ആകർഷിച്ചിരുന്നു. ചളിയും എക്കലും മറ്റും നീക്കം ചെയ്തതോടെ ജലാശയം കൂടുതൽ മനോഹരമായി. അതിനാൽ തന്നെ ഇവിടേക്ക് വൈകുന്നേരങ്ങളിൽ സന്ദർശകർ കൂടുതലായി എത്തുന്നുണ്ട്. ദൂരെ സ്ഥലങ്ങളിൽനിന്നുവരെ ആളുകളെത്തിയതോടെ ഇവിടെ ഭക്ഷ്യവസ്തുക്കളുടെ വിപണിക്കും സാധ്യതയേറി.
ഇത് കണ്ടറിഞ്ഞ് സ്വാദിഷ്ടമായ വൈകുന്നേര പലഹാരവുമായി ആറാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളായ വത്സലയും മല്ലികയും രംഗത്തുണ്ട്. ഇരുവർക്കും ഇതൊരു ജീവിതമാർഗമാണ്. ബലിപ്പറമ്പ് സ്വദേശികളാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.