ഭയപ്പെടുത്തി ടിപ്പറുകൾ പായുന്നു
text_fieldsകിഴക്കമ്പലം: സ്കൂൾ സമയത്തെ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി ടിപ്പർ ലോറികൾ യഥേഷ്ടം പായുന്നതായി പരാതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട പൊലീസും ഒത്താശ ചെയ്യുന്നതോടെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ കാര്യം കഷ്ടത്തിലായി. കിഴക്കമ്പലം-നെല്ലാട് റോഡിലൂടെയാണ് ടിപ്പറുകൾ സമയക്രമം പാലിക്കാതെ പായുന്നത്.
ചൊവ്വാഴ്ച ഞാറള്ളൂർ ബത്ലഹേം ദയറാ സ്കൂളിന് മുന്നിലൂടെ രാവിലെയും വൈകീട്ടും ഒട്ടേറെ ടിപ്പറുകളാണ് സ്കൂൾസമയത്ത് കടന്നുപോയത്. ടിപ്പറുകളുടെ അമിതവേഗം മൂലം വിദ്യാർഥികൾ റോഡ് കുറുകെ കടക്കാൻ പ്രയാസപ്പെട്ടു. കൂടാതെ പൊടിശല്യവും. രാവിലെയും വൈകീട്ടും ഒരുമണിക്കൂർ വീതമുള്ള നിയന്ത്രണമാണ് ടിപ്പർ ലോറികൾ പാലിക്കാത്തത്. സ്കൂൾ, കോളജ് പരിസരങ്ങളിലടക്കം രാവിലെയും വൈകീട്ടും പ്രത്യേക സമയങ്ങളിൽ ടിപ്പർ ഗതാഗത നിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് നടപ്പിൽവരുത്തുന്നതിൽ അധികൃതർ വീഴ്ചവരുത്തുന്നതാണ് അപകടം വർധിക്കാൻ ഇടയാക്കുന്നത്.
ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നിയമം ലംഘിച്ചാണ് ടിപ്പറുകൾ കുതിക്കുന്നത്. പൊലീസ് പരിശോധന കാര്യക്ഷമമാക്കാത്തതും ഇവർക്ക് സഹായകരമാണ്. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പൊലീസ് ഇൻസ്പെക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ജനകീയ വിഷയങ്ങളിൽ പൊലീസ് ഇടപെടൽ കാര്യക്ഷമമാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സ്കൂൾപരിസരത്ത് സീബ്രാ ലൈൻ വേണം
റോഡിൽ ഗതാഗതക്കുരുക്കും വാഹനങ്ങളുടെ അമിത വേഗതയുംമൂലം റോഡ് കുറുകെ കടക്കാൻ വിദ്യാർഥികൾ ബുദ്ധിമുട്ടുന്നതിനാൽ സ്കൂൾ പ്രദേശങ്ങളിൽ സീബ്രാ ലൈൻ വേണമെന്ന ആവശ്യം ശക്തമായി. കിഴക്കമ്പലം, പട്ടിമറ്റം, പള്ളിക്കര മേഖലകളിലെ സ്കൂളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് സീബ്രാലൈനില്ലാത്തത്. പ്രധാന റോഡിൽ തന്നെയുള്ള ഭൂരിഭാഗം സ്കൂളുകളും പൊലീസിന്റെയും കുട്ടിപ്പൊലീസിന്റെയും സഹായത്തോടെയാണ് കുട്ടികൾ റോഡ് കുറുകേ കടക്കുന്നത്. ഒട്ടേറെ പരാതികൾ നൽകിയെങ്കിലും അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.