ട്രാൻസ്ജെൻഡറുകൾക്ക് കരുതലേകാൻ സാമൂഹിക നീതി വകുപ്പ്
text_fieldsകൊച്ചി: സാമ്പത്തികവും സാമൂഹികവുമായ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ട്രാൻസ്ജെൻഡറുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകാൻ പദ്ധതിയുമായി സംസ്ഥാന സാമൂഹിക നീതി വകുപ്പ്. 'കരുതൽ' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെയാണ് നിരാലംബരായ ട്രാൻസ്ജെൻഡേഴ്സിന്റെ അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക. ഇതിനായി ഈ സാമ്പത്തിക വർഷത്തേക്ക് ഓരോ ജില്ലക്കും ഒരു ലക്ഷം രൂപ എന്ന തോതിൽ 14 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നവർക്ക് അടിയന്തര സഹായം, വീടുകളിൽനിന്ന് പുറത്താക്കപ്പെടുന്നവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നതും വൈദ്യസഹായം, നിയമസഹായം, കൗൺസലിങ് എന്നിവ ആവശ്യമെങ്കിൽ ഉറപ്പുവരുത്തലും പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾ, ഗുരുതരരോഗങ്ങൾ, പ്രകൃതി ദുരന്തം തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്നവർക്ക് പരിഹാരം ഉറപ്പാക്കൽ, പൊതുസമൂഹത്തിൽനിന്ന് ട്രാൻസ് വിഭാഗത്തിനുനേരെയുണ്ടാകുന്ന ആക്രമണം, അപമാനം എന്നിവക്ക് പരിഹാരം കണ്ടെത്തൽ തുടങ്ങിയവയാണ് കരുതൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇവരുടെ ജീവനോ സ്വത്തിനോ അപകടമുണ്ടായാൽ അടിയന്തര പരിരക്ഷ നൽകാനും തുക വിനിയോഗിക്കാം.ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിന് കലക്ടർ ചെയർമാനും സാമൂഹിക നീതി ഓഫിസർ കൺവീനറുമായി ഉപദേശക സമിതി രൂപവത്കരിച്ചാണ് പ്രവർത്തിക്കുക. ജില്ല മെഡിക്കൽ ഓഫിസർ, ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/കൗൺസലർ, ഡിസ്ട്രിക്റ്റ് ലീഗൽ സർവിസ് അതോറിറ്റി പ്രതിനിധി, രണ്ട് ട്രാൻസ്ജെൻഡർമാർ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോൾ സാമൂഹിക നീതി ഓഫിസറെ അറിയിക്കേണ്ടത് ട്രാൻസ് പ്രതിനിധികളാണ്. സമിതിയുടെ തീരുമാനങ്ങൾക്ക് വിധേയമായാണ് തുക അനുവദിക്കുക. ട്രാൻസ്ജെൻഡർ സർട്ടിഫിക്കറ്റ്/ ഐ.ഡി കാർഡ് എല്ലാ ട്രാൻസ് വ്യക്തികൾക്കും കരുതൽ പദ്ധതിയുടെ സേവനം ലഭ്യമാകുമെന്നും അടിയന്തര സേവനമായതിനാൽ ദാരിദ്ര്യരേഖ പരിധി, റേഷൻകാർഡ്, മറ്റു മാനദണ്ഡങ്ങൾ എന്നിങ്ങനെയുള്ള വേർതിരിവ് ഉണ്ടാകില്ലെന്നും സാമൂഹികനീതി വകുപ്പ് അധികൃതർ വ്യക്തമാക്കി.
ട്രാൻസ് വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസ സാമ്പത്തിക സഹായ പദ്ധതിയായ വർണം, പ്രഫഷനൽ കോഴ്സ് പഠിക്കാനുള്ള സഫലം, സ്വയം തൊഴിൽ ധനസഹായം, സമന്വയ തുടർവിദ്യാഭ്യാസ പദ്ധതി, വിവാഹധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയക്കും തുടർചികിത്സക്കും ധനസഹായ പദ്ധതി, 24 മണിക്കൂർ ഹെൽപ് ലൈൻ തുടങ്ങിയവ സാമൂഹിക നീതി വകുപ്പ് ട്രാൻസ്ജെൻഡേഴ്സിന്റെ ക്ഷേമത്തിനായി നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.