സ്കൂളുകള്‍ക്ക് മുന്നിൽ അതിവേഗം വേണ്ട
text_fieldsകാക്കനാട്: സ്കൂളുകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ അതിവേഗം സഞ്ചരിക്കുന്നത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല വികസന സമിതി യോഗം. റോഡില്‍ ഹംപുകള്‍ ഒഴിവാക്കിയിരിക്കുന്നതിനാല്‍ സ്കൂളുകള്‍ക്ക് മുന്നിലും വാഹനങ്ങള്‍ ചീറിപ്പായുകയാണ്. ഇവിടെ മറ്റെന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഉമ തോമസ് എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്.
പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരിയിൽ 770 കേസ് രജിസ്റ്റര്‍ ചെയ്ത് പിഴയീടാക്കിയതായി എക്സൈസ് വകുപ്പ് അറിയിച്ചു. പാലാരിവട്ടം പൈപ്പ് ലൈനിലുള്ള ബസ് സ്റ്റോപ് മുന്നിലേക്ക് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ആർ.ടി.എ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ റോഡിലേക്ക് മാറ്റി കൂട്ടിയിട്ടിരിക്കുന്നത് പരിഹരിക്കാന്‍ നടപടി വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
മാലിപ്പുറം മൈതാനം, കച്ചേരി മൈതാനം എന്നിവക്കായി റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ പ്രവര്‍ത്തന ചുമതല പഞ്ചായത്തുകള്‍ക്ക് നല്കി മൈതാനം സജ്ജമാക്കുന്നതിന് ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കാന് കലക്ടര്‍ നടപടി സ്വീകരിക്കണമെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ ആവശ്യപ്പെട്ടു.
മുളവുകാട്-കണ്ടെയ്നര്‍ റോഡ് വികസനം സാധ്യമാക്കണം, കുഴുപ്പിള്ളി അംബേദ്കര്‍ കോളനിയിലെ പട്ടികജാതി വിഭാഗത്തിലെ 27 കുടുംബത്തിന് കൊച്ചി താലൂക്കില്‍നിന്ന് നല്കിയ പട്ടയപ്രകാരമുള്ള ഭൂമി പോക്കുവരവ് ചെയ്ത് നല്കുന്നതില് കാലതാമസം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ യോഗത്തില്‍ ഉന്നയിച്ച വിഷയത്തിന്റെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു.
കെ-സ്മാര്‍ട്ട് പ്ലാറ്റ് ഫോം വഴി സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ടി.ജെ. വിനോദ് എം.എല്‍.എ ആവശ്യപ്പെട്ടു. വ്യവസായ മേഖലയില്‍ അല്ലാതെ വിവിധ വിഭാഗത്തിലുള്ള വ്യവസായങ്ങള്‍ ഒരേ സ്ഥലത്ത് ആരംഭിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി സ്വീകരിക്കണമെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ ആവശ്യപ്പെട്ടു.
വേങ്ങൂര്‍ പഞ്ചായത്തിലെ പൊങ്ങന്‍ചുവട് ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് വനം വകുപ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് ആവശ്യപ്പെട്ടു. യോഗത്തില്‍ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, ജില്ല പ്ലാനിങ് ഓഫിസര്‍ എം.എം. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.