പച്ചപിടിച്ച് ടൂറിസം: വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണരുന്നു
text_fieldsകൊച്ചി: ഡിസംബറിെൻറ വരവ് വിനോദസഞ്ചാര മേഖലക്ക് എക്കാലവും പ്രതീക്ഷയുടേതാണ്. മഞ്ഞിെൻറ കുളിരിൽ ഉണരുന്ന പ്രഭാതം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പ്രത്യേക ഉണർവേകുന്നതായിരുന്നു. കോവിഡിൽ നിശ്ചലമായ മേഖല പച്ചപിടിച്ച് തിരിച്ചുവരവിെൻറ പാതയിലാണ്. ജില്ലയിലെ ബീച്ചുകളും മലയോര മേഖലകളും പുലർകാലം മുതൽ സജീവമാണ്. സ്കൂൾ, കോളജ് വിനോദസഞ്ചാര സംഘങ്ങളുടെ അസാന്നിധ്യമുണ്ടെങ്കിലും കുടുംബസംഘങ്ങൾ കൂടുതലായി എത്തുന്നത് പ്രതീക്ഷ വർധിപ്പിക്കുന്നു. അവധി ദിവസങ്ങളിൽ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി വിജയകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
ബോട്ട് യാത്രകൾ ആസ്വദിച്ച് സഞ്ചാരികൾ
നഗരത്തിൽ നിരവധി സഞ്ചാരികൾ എത്തുന്ന മറൈൻ ഡ്രൈവ് കോവിഡ് പശ്ചാത്തലത്തിൽ നിശ്ചലമായിരുന്നു. മേഖല സജീവമായതോടെ ബോട്ട് യാത്ര ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. രാവിലെ മുതൽ മറൈൻ ഡ്രൈവിൽ സഞ്ചാരികൾ സജീവമാണ്. ദിവസവും 250 മുതൽ 300 പേർ വരെയാണ് ഇപ്പോൾ ബോട്ടിങ്ങിന് എത്തുന്നതെന്ന് മറൈൻ ഡ്രൈവ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി സാജു പറഞ്ഞു.
കോവിഡിനുമുമ്പ് ആയിരക്കണക്കിന് ആളുകൾ എത്തിയിരുെന്നന്നത് ശ്രദ്ധേയമാണ്. കോവിഡുകാലത്ത് നിറംമങ്ങിയ ടൂറിസം പതിയെ തിരിച്ചുവരുന്നത് അവർ പ്രതീക്ഷയോടെയാണ് കാണുന്നത്. നാലുപേർക്കുവരെ കയറാവുന്ന സ്പീഡ് ബോട്ടുകളും കൂടുതൽ ആളുകളെ കയറ്റുന്ന വലിയ ബോട്ടുകളും ഇവിടെയുണ്ട്.
വെള്ളത്തിൽ കളിക്കാം, ബീച്ചുകളിൽ തിരക്കേറി
ഫോർട്ട്കൊച്ചി, ചെറായി, മുനമ്പം, കുഴുപ്പിള്ളി ബീച്ചുകളിൽ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മുനമ്പത്ത് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ആരംഭിച്ചതോെട നിരവധി ആളുകൾ കടൽ ആസ്വദിക്കാൻ എത്തുന്നുണ്ട്. കാറ്റിെൻറ ഗതിക്ക് അനുസരിച്ച് കടലിൽ സഞ്ചരിക്കുന്ന കറ്റമറാനിൽ ആറുപേർക്ക് യാത്ര ചെയ്യാം. കടലിൽ നാലുമുതൽ അഞ്ച് കി.മീ. വരെ സഞ്ചരിക്കാവുന്ന ഇതിെല യാത്ര അനുഭവം മികച്ചതാണെന്ന് സഞ്ചാരികൾ ചൂണ്ടിക്കാട്ടുന്നു. കയാക്കിങ് സൗകര്യവും ഇവിടെയൊരുക്കി. ഫോർട്ട്കൊച്ചി ബീച്ച് മാലിന്യമുക്തമാക്കിയതോടെ കോവിഡുകാലത്തിന് മുമ്പുണ്ടായിരുന്ന നിലയിൽ സഞ്ചാരികൾ എത്തുന്നു.
സഞ്ചാരികളെ കാത്ത് ഭൂതത്താൻകെട്ട്, ഏഴാറ്റുമുഖം
ജില്ലയുടെ കിഴക്കേ അറ്റെത്ത ഭൂതത്താൻകെട്ടിലും ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലും നിരവധി സഞ്ചാരികൾ ഇപ്പോൾ എത്തുന്നുണ്ട്. സുരക്ഷിതമായി പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുള്ള സജ്ജീകരണങ്ങളാണ് ഇവിടുത്തെ പ്രത്യേകത. വശ്യസുന്ദര കാടും പെരിയാറും മലനിരകളും വന്യജീവി സാമീപ്യവുമൊക്കെ ഉൾക്കൊള്ളുന്നതാണ് ഭൂതത്താൻകെട്ട്. പെരിയാറിെൻറ ഓളപ്പരപ്പുകളിലൂടെ കാടിെൻറ വന്യഭംഗി ആസ്വദിച്ചുള്ള ബോട്ട് യാത്രയടക്കം ആസ്വദിക്കാം. ചാലക്കുടിപ്പുഴയുടെ കുറുകെ നിർമിച്ച തടയണയുടെ ഇരുവശത്തുമായുള്ള മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കുമൊക്കെ ഏഴാറ്റുമുഖത്തേക്ക് സഞ്ചാരികളെ ആകർഷിക്കാൻ കാരണമാണ്.
അതേസമയം, കോടനാട് അഭയാരണ്യവും പാണിയേലിപോരും ഉടൻ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അധികൃതർ. കോവിഡ് പശ്ചാത്തലത്തിൽ ഒരുമാസമെങ്കിലും കഴിഞ്ഞശേഷമെ തുറക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് ഡി.എഫ്.ഒ കെ.എ. സാജു വ്യക്തമാക്കി. തൃപ്പൂണിത്തുറ ഹിൽപാലസ് നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അടച്ചിരിക്കുകയാണ്. ഇതിനുശേഷം സഞ്ചാരികൾക്കുവേണ്ടി തുറന്നുകൊടുക്കുമെന്ന് ചാർജ് ഓഫിസർ ഇ. ദിനേശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.