ഗതാഗത ക്രമീകരണം: കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽ വിജയകരം; ഇടപ്പള്ളിയിൽ ക്രമീകരണം നിലനിർത്തും
text_fieldsകാക്കനാട്: ജില്ലയിലെ അങ്കമാലി, ആലുവ, കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയ ഗതാഗത ക്രമീകരണം വിജയകരമാകുന്നുവെന്ന് വിലയിരുത്തൽ. അത്താണി നെടുമ്പാശ്ശേരി ജങ്ഷനിലെ ഫ്രീ ലെഫ്റ്റ് സംവിധാനം ആലുവ-അങ്കമാലി ദിശയിൽ തയാർ ചെയ്തതും എയർപോർട്ടിലേക്ക് പ്രത്യേക സൗകര്യം സജ്ജമാക്കിയതും ഗതാഗതം സുഗമമാകുന്നതിനു സൗകര്യപ്രദമായതായി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാരായ ടി.എം. ജെർസൺ, കെ.മനോജ് എന്നിവർ അഭിപ്രായപ്പെട്ടു. അങ്കമാലിയിൽനിന്ന് എയർപോർട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഫ്രീലെഫ്റ്റ് സംവിധാനം പ്രാബല്യത്തിൽ വന്നു. ആലുവ ജങ്ഷനിൽ ഫ്ലൈ ഓവർ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് നഗരത്തിൽ പ്രവേശിക്കുന്നതിനും ആലുവയിൽനിന്നും അങ്കമാലിയിലേക്ക് ഫ്രീ ലെഫ്റ്റ് എടുത്ത് പോകാവുന്ന രീതിയിൽ സമയ ലാഭം ലഭിക്കുന്ന വിധം സിഗ്നലുകൾ തയാർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എച്ച്.എം.ടി ജങ്ഷനിൽ 17 കോൺഫ്ലിക്ട് പോയന്റ് ഉണ്ടായിരുന്നതും സിഗ്നലുകളും ഒഴിവാക്കി മൂന്ന് പോയന്റ് മാത്രമാക്കി സമാന രീതിയിലുള്ള ക്രമീകരണമാണ് കഴിഞ്ഞയാഴ്ച മുതൽ ഇടപ്പള്ളി ജങ്ഷനിലും ഏർപ്പെടുത്തിയത്. 22 മുതൽ ഇടപ്പള്ളിയിലെ രണ്ടു യുടേണും അടച്ചു. ഈ പരിഷ്കാരം സ്ഥിരമാക്കും. ആലുവ ഭാഗത്തുനിന്ന് വൈറ്റിലയിലേക്കുള്ള വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റായി പോകാനാകും. വൈറ്റിലയിലെയും കാക്കനാട് ജങ്ഷനിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നഗരത്തിൽ മത്സരയോട്ടം നടത്തുന്ന ബസുകൾക്കെതിരെ നടപടി കർശനമാക്കും.
എച്ച്.എം.ടി ജങ്ഷനിലെ ഗതാഗത ക്രമീകരണം
ഇടപ്പള്ളി ഭാഗത്തുനിന്നും സൗത്ത് കളമശ്ശേരി ഭാഗത്തുനിന്നും ആലുവ, ഏലൂർ ഭാഗത്തേക്ക് വരുന്ന സർവിസ് ബസുകൾ ടി.വി.എസ് ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞു വലത്തേ ട്രാക്കിൽ പ്രവേശിച്ച് ആര്യാസ് ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് റെയിൽവേ ഓവർ ബ്രിഡ്ജ് വഴി എച്ച്.എം.ടി ജങ്ഷനിൽനിന്ന് ആളുകളെ ഇറക്കി കയറ്റി വീണ്ടും ടി.വി.എസ് ജങ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകേണ്ടതാണ്.
കാക്കനാട് മെഡിക്കൽ കോളജ് ഭാഗത്തുനിന്നും എച്ച്.എം.ടി ജങ്ഷനിലേക്ക് വരുന്ന സർവിസ് ബസുകൾ എച്ച്.എം.ടി ജങ്ഷനു മുമ്പായി മുസ്ലിം പള്ളിയുടെ കിഴക്ക് ഭാഗത്തായി പുതുതായി ക്രമീകരിച്ചിരിക്കുന്ന ബസ് സ്റ്റോപ്പിൽ ആളുകളെ ഇറക്കി കയറ്റി എച്ച്.എം.ടി ജങ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ടി.വി.എസ് ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞു ആലുവ ഭാഗത്തേക്ക് പോകേണ്ടതാണ്.
ഇടപ്പള്ളി ഭാഗത്തുനിന്ന് എൻ.എ.ഡി ഭാഗത്തേക്ക് യാത്ര ചെയ്യേണ്ട സർവിസ് ബസുകൾ ടി.വി.എസ് ജങ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് വലത്തേ ട്രാക്കിൽ പ്രവേശിച്ച് ആര്യാസ് ജങ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് ആർ.ഒ.ബി വഴി എൻ.എ.ഡി റോഡിലേക്ക് പ്രവേശിച്ച് ആളുകളെ ഇറക്കി കയറ്റി യാത്ര തുടരേണ്ടതാണ്. എൻ.എ.ഡി ഭാഗത്ത് നിന്നും എച്ച്.എം.ടി ഭാഗത്തേക്ക് വരുന്ന സർവിസ് ബസുകൾ എച്ച്.എം.ടി ജങ്ഷനു മുമ്പായി എൻ.എ.ഡി റോഡിൽ തന്നെ ആളുകളെ കയറ്റി ഇറക്കി യാത്ര തുടരേണ്ടത്താണ്.
ഇടപ്പള്ളി ഭാഗത്തുനിന്നും കാക്കനാട് ഭാഗത്തുനിന്നും ആലുവ ഏലൂർ ഭാഗത്തേക്ക് പോകുന്ന സർവിസ് ബസുകൾ എച്ച്.എം.ടി ജങ്ഷനിലെത്തി ആളെ ഇറക്കി കയറ്റിയതിന് ശേഷം നോർത്ത് കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം പുതിയതായി ക്രമീകരിച്ചിരിക്കുന്ന പുതിയ ബസ് (പഴയ ഗ്രൗണ്ട് ബസ് സ്റ്റോപ്) സ്റ്റോപ്പിൽ ആളെ ഇറക്കി കയറ്റി യാത്ര തുടരേണ്ടതാണ്. നോർത്ത് കളമശ്ശേരി മാർക്കറ്റ് റോഡിൽനിന്ന് ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അംഗീകാരം ഇല്ലാത്ത ബസ് സ്റ്റോപ്പിൽ ഒരു കാരണവശാലും സർവിസ് ബസുകൾ നിർത്താൻ പാടില്ലാത്തതാണ്.
ആലുവ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾ ആര്യാസ് ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞു വൺവേയിലൂടെ എച്ച്.എം.ടി ജങ്ഷനിൽ എത്തി നിർദിഷ്ട ബസ് സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റി ഇറക്കിയ ശേഷം വീണ്ടും വൺവേ ഉപയോഗിച്ച് ദേശീയ പാതയിലെത്തി യാത്ര തുടരേണ്ടതാണ്. ആലുവ ഭാഗത്തുനിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് വരുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾ ആര്യാസ് ജങ്ഷനിൽനിന്നും ഇടത്തേക്ക് തിരിഞ്ഞു വൺവേയിലൂടെ എച്ച്.എം.ടി ജങ്ഷനിൽനിന്നും ഇടത്തേക്ക് തിരിഞ്ഞു നിർദിഷ്ട ബസ് സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റി ഇറക്കിയ ശേഷം വീണ്ടും യാത്ര തുടരേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.