ഗതാഗത നിയമലംഘനം: കാമറകൾ എത്തിയിട്ടും സോഫ്റ്റ്വെയർ സജ്ജമായില്ല
text_fieldsമുട്ടം: മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തി തടയാൻ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകൾ ജില്ലയിൽ പ്രവർത്തിച്ചു തുടങ്ങിയില്ല. കാമറകളെ നിയന്ത്രിക്കേണ്ട സോഫ്റ്റ് വെയർ പൂർണസജ്ജമാകാത്തതിനാലാണ് പിഴയീടാക്കൽ ആരംഭിക്കാത്തത്. സർക്കാർ ഏജൻസിയായ കെൽട്രോണിനെയാണ് പദ്ധതിയുടെ ചുമതല ഏൽപിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ വിവരങ്ങൾ സോഫ്റ്റ് വെയറിലേക്ക് അപ്ലോഡ് ചെയ്ത് പൂർത്തിയായാൽ ഉടൻ പിഴയീടാക്കിത്തുടങ്ങുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പി.എ. നസീർ പറഞ്ഞു. കാമറകൾ സജ്ജമാക്കാൻ സർക്കാർ നൽകിയിരുന്ന കാലാവധി കഴിഞ്ഞതിനാൽ അപ്ലോഡിങ് പ്രവൃത്തി ദ്രുതഗതിയിൽ നടന്നുവരുകയാണ്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയിടുന്നതിന് നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന 38 കാമറകളാണ് ജില്ലയിലുടനീളം സ്ഥാപിച്ചിട്ടുള്ളത്.
അമിത വേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ കാമറകള്‍ ഒപ്പിയെടുത്തിരുന്നത്. എന്നാൽ, എ.ഐ കാമറകൾ ഹെല്‍മറ്റ്, ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കല്‍ തുടങ്ങിയവയും പിടികൂടും. ഈമാസം അവസാനത്തോടെ പിഴയീടാക്കൽ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.