മംഗലപ്പുഴ പാലത്തിന് സമീപം ദേശീയപാതയിലേക്ക് മരങ്ങൾ കടപുഴകി; വൻ അപകടം ഒഴിവായി
text_fieldsചെങ്ങമനാട്: ദേശീയപാതയിൽ ദേശം മംഗലപ്പുഴ പാലത്തിന് സമീപം റോഡിൽ വൻ മരങ്ങൾ കടപുഴകി വീണു. ആളപായമില്ല. വാഹനങ്ങൾ പാലത്തിലൂടെ നിറഞ്ഞൊഴുകി വരുന്ന റോഡിലാണ് അപകടമുണ്ടായത്. അപകട സമയത്ത് റോഡിൽ കാറും, ഓട്ടോയും, ബൈക്കുകളടക്കം കടന്ന് പോകുന്നുണ്ടായിരുന്നു. നിലം പൊത്തിയ മരത്തിന്റെ ശിഖരങ്ങൾ ബൈക്കിൽ തട്ടിയെങ്കിലും യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആഞ്ഞടിച്ച കാറ്റിലാണ് മംഗലപ്പുഴ പാലത്തിൽ നിന്ന് ചെങ്ങമനാട് റോഡിലേക്ക് പ്രവേശിക്കുന്ന ദേശീയപാത അരികിലെ രണ്ട് വൻ വാകമരങ്ങൾ 66 കെ.വി വൈദ്യുതി ലൈനുകൾ അടക്കം തകർത്ത് റോഡിന് കുറുകെ വീണത്. മരങ്ങൾ കടപുഴകിയതോടെ തലക്കൊള്ളി റോഡിന്റെ കിഴക്കുഭാഗവും, കൈവരിയും തകർന്നു. അപകടം സംഭവിച്ച് നിമിഷങ്ങൾക്കകം ആലുവയിൽ നിന്ന് ദേശം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടു.
ചെറിയ വാഹനങ്ങൾ തലക്കൊള്ളി റോഡിൽ കയറി ചെറിയ സമാന്തര റോഡിലൂടെ പോയങ്കിലും ബസുകൾ, ചരക്ക് ലോറികൾ അടക്കം വലിയ വാഹനങ്ങൾ മണിക്കൂറോളം ഗതാഗതക്കുരുക്കിൽപ്പെട്ടു. പിന്നീട് പൊലീസെത്തി സെമിനാരിപ്പടി റോഡിലൂടെ വൺവേ സംവിധാനത്തിൽ തിരിച്ചുവിടുകയായിരുന്നു. സംഭവമറിഞ്ഞ് ആലുവയിലെയും, അങ്കമാലിയിലെയും അഗ്നിരക്ഷ സേനാംഗങ്ങളെത്തി യുദ്ധകാലടിസ്ഥാനത്തിലാണ് റോഡിലെ മരങ്ങൾ മുറിച്ചു നീക്കിയത്.
66 കെ.വി ലൈനിലേക്ക് മരങ്ങൾ വീണ് അത്താണി സെക്ഷനിലെ വൈദ്യുതി ലൈനുകളും പോസ്റ്റുകളും നിലംപൊത്തി. അതോടെ മംഗലപ്പുഴ ഭാഗത്തെ വൈദ്യുതി ബന്ധവും നിലച്ചു. കെ.എസ്.ഇ.ബി അധികൃതരെത്തി അറ്റകുറ്റപ്പണി പൂർത്തിയാക്കി മണിക്കൂറുകൾക്കകം വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചു. ദേശീയപാതയോരത്ത് പലയിടത്തും അപകട ഭീഷണിയുയർത്തുന്ന മരങ്ങളുള്ളതായും അവ മുറിച്ച് മാറ്റണമെന്ന് വനം വകുപ്പ് അധികൃതരോടടക്കം ആവശ്യപ്പെട്ടിട്ടും ഗൗനിക്കാതിരുന്നതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.