സമീപ പഞ്ചായത്തുകളിലും ട്വൻറി 20 മത്സരിക്കും
text_fieldsകിഴക്കമ്പലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിനു പുറമെ ഐക്കരനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലും മത്സരിക്കാന്‍ ട്വൻറി 20 തീരുമാനം. വെങ്ങോല, കുന്നത്തുനാട് പഞ്ചായത്തുകളില്‍ സാധ്യത പഠനം നടക്കുകയാണെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും ട്വൻറി 20 ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.
ഐക്കരനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ മുഴുവന്‍ വാര്‍ഡിലും മത്സരിക്കും. ഇതിനകം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. ഔദ്യോഗിക ചിഹ്നമായ മാങ്ങ അടയാളത്തിലാണ് മത്സരിക്കുന്നത്. ചിഹ്നം പരിചയപ്പെടുത്തി ഇതിനകം പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. നിലവില്‍ കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ട്വൻറി 20യുടേതാണ്. ഇവിടെ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികൾക്ക് പല വികസന പദ്ധതികളും കുറ്റമറ്റരീതിയില്‍ പൂര്‍ത്തീകരിക്കാനാകാത്തതിനാലാണ് മറ്റു പഞ്ചായത്തുകളിലും മത്സരിക്കാന്‍ തീരുമാനിച്ചതെന്ന്് സാബു എം. ജേക്കബ് പറഞ്ഞു. കടലാക്രമണം രൂക്ഷമായ ചെല്ലാനം, കൊച്ചി കോര്പറേഷന്, ആലുവ നഗരസഭ, കോട്ടയം നഗരസഭ, ചങ്ങനാശ്ശേരി നഗരസഭ എന്നിവിടങ്ങളില്‍നിന്ന് ആളുകളെത്തി ചര്‍ച്ച നടത്തി. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നാല് പഞ്ചായത്തില്‍ മത്സരിക്കുന്നതോടെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും നിർണായക ശക്തിയാകാനാണ് ട്വൻറി 20 നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.