ആകെ കൺഫ്യൂഷനായല്ലോ... ശരിക്കും ആരാ സെക്രട്ടറി?, തൃക്കാക്കര നഗരസഭയിൽ ഒരു മേശയുടെ ഇരുപുറവുമായി രണ്ട് സെക്രട്ടറിമാർ
text_fieldsകാക്കനാട്: പുതുതായി ചാർജ് എടുത്ത തഹസിൽദാർ ഓഫിസിൽ എത്തിയപ്പോൾ തെൻറ കസേരയിൽ മറ്റൊരാൾ ഇരിക്കുന്നു. കാര്യം തിരക്കിയപ്പോൾ പഴയ തഹസിൽദാറുടെ മറുപടി തനിക്ക് സ്ഥലംമാറ്റം ബാധകമല്ലെന്നും ചാർജ് കൈമാറില്ലെന്നും. ഒടുവിൽ കേസും കൂട്ടവുമായി ആകെ പൊല്ലാപ്പ്. 1998ൽ കമലിെൻറ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അയാൾ കഥ എഴുതുകയാണ്' എന്ന മോഹൻലാൽ ചിത്രത്തിലെ രസകരമായ രംഗമായിരുന്നു ഇത്.
23 വർഷങ്ങൾക്കിപ്പുറം തൃക്കാക്കര നഗരസഭയിൽ അരങ്ങേറിയത് ഈ രംഗത്തെ വെല്ലുന്ന സംഭവമാണ്. ഒരു മേശയുടെ ഇരുപുറവുമായി പുതുതായി നിയമനം ലഭിച്ച സെക്രട്ടറിയും നേരത്തേ മുതലുള്ള സെക്രട്ടറിയും ഇരിക്കുന്നു. ജീവനക്കാർ കൊണ്ടുവരുന്ന ചില ഫയലുകളിൽ പുതിയ സെക്രട്ടറിയും ചിലതിൽ ചാർജ് ഒഴിയാത്ത സെക്രട്ടറിയും ഒപ്പിടുന്നു. സ്ഥലം മാറ്റത്തിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് നാടകീയ രംഗങ്ങൾക്ക് തൃക്കാക്കര നഗരസഭ സാക്ഷ്യം വഹിച്ചത്. ശനിയാഴ്ചയായിരുന്നു പുതുതായി സ്ഥലം മാറിയെത്തിയ ബി. അനിൽകുമാർ നഗരസഭ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത്.
അതിനിടെ അനിൽകുമാറിനെ തൃക്കാക്കരയിലേക്ക് നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ പഴയ സെക്രട്ടറി എം.കെ. കൃഷ്ണകുമാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും ഒരു മാസത്തേക്ക് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഹർത്താൽ ദിനമായിരുന്നതിനാൽ തിങ്കളാഴ്ച ആരും ഓഫിസിൽ എത്തിയതുമില്ല. ചൊവ്വാഴ്ച സെക്രട്ടറിയുടെ മുറിയിൽ ആദ്യം പ്രവേശിച്ച കൃഷ്ണകുമാർ സെക്രട്ടറിയുടെ കസേരയിലും പിന്നീട് എത്തിയ അനിൽകുമാർ എതിർവശത്തും ഇരുന്നു. രണ്ടു പേരും സെക്രട്ടറി താനാണ് എന്ന വാദത്തിൽ ഉറച്ചു നിന്നു. ഓഫിസ് സൂപ്രണ്ടായ അംബികയിൽ നിന്ന് സെക്രട്ടറിയുടെ സീലും മറ്റും അനിൽകുമാർ വാങ്ങിയപ്പോൾ സീറ്റ് വിട്ടുനൽകാതിരിക്കാനായിരുന്നു കൃഷ്ണകുമാറിെൻറ ശ്രമം. ഇതിനിടെ നഗരസഭയിൽനിന്ന് ഫയലുകൾ പുറത്തേക്ക് കടത്തുന്നു എന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ കൃഷ്ണകുമാറിെൻറ മുന്നിൽ െവച്ച് അനിൽകുമാറിന് പരാതിയും നൽകി.
താൻ ചുമതലയേറ്റ കാര്യം അറിയിക്കാതെ കൃഷ്ണകുമാർ ട്രൈബ്യൂണലിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് അനിൽകുമാറിെൻറ വാദം. ബുധനാഴ്ച ഓഫിസിലെത്തി ഔദ്യോഗിക കസേരയിൽ തന്നെ ഇരിക്കുമെന്നും മറ്റു വിഷയങ്ങൾ ഉണ്ടായാൽ നിയമപരമായി നേരിടുമെന്നും കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച കൃഷ്ണകുമാർ ഒപ്പിട്ട ഫയലുകൾ റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ട്രൈബ്യൂണൽ വിധി വരും വരെ താൻ തന്നെയായിരിക്കും തൃക്കാക്കര നഗരസഭ സെക്രട്ടറി എന്ന് കൃഷ്ണകുമാറും പറഞ്ഞു.
എന്നാൽ ട്രൈബ്യൂണലിെൻറ മുന്നിലുള്ള വിഷയമായതിനാൽ ഇടപെടുന്നതിന് പരിധി ഉണ്ടെന്ന് തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ വ്യക്തമാക്കി. അന്തിമ തീരുമാനം വരുന്നത് വരെ ഭരണപരമായ ഫയലുകൾ ഒപ്പിടുന്നതിന് എം.കെ. കൃഷ്ണകുമാറിന് നൽകുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.