കുണ്ടന്നൂരിലെ 'യു ടേൺ' അപകടമാകുന്നു
text_fieldsമരട്: കുണ്ടന്നൂര്‍ പാലത്തില്‍നിന്ന് വൈറ്റിലയിലേക്കുള്ള പാതയിലെ അനധികൃത യു ടേണുകള്‍ അപകടമാകുന്നു. വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുണ്ടന്നൂര്‍ പാലമിറങ്ങി ഉടൻ അനധികൃതമായി നിര്‍മിച്ചിരിക്കുന്ന മീഡിയനിലൂടെ യു ടേണ്‍ എടുക്കുന്നതുമൂലമാണ് അപകടങ്ങള്‍ സംഭവിക്കുന്നത്.
പാലം ഉദ്ഘാടനത്തിനു മുമ്പ് ഈ ഭാഗത്തെ മീഡിയന്‍ കുറച്ചുഭാഗം പൊളിച്ചുമാറ്റി വാഹനങ്ങള്‍ക്ക് കടന്നുപോകാൻ വഴിയൊരുക്കിയിരുന്നു. ഇതിലൂടെയാണ് വാഹനങ്ങള്‍ ഇപ്പോള്‍ അനധികൃതമായി പ്രവേശിക്കുന്നത്.
മീഡിയനിലൂടെ വലതുവശത്തേക്ക് വാഹനങ്ങള്‍ തിരിയുന്നതിന് നിര്‍ത്തുന്നതോടെ പാലം ഇറങ്ങിവരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടിവരും.
ഇത് കൂട്ടിയിടിക്ക് സാധ്യത വർധിപ്പിക്കുന്നു. ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മരട്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള സര്‍വിസ് റോഡിലേക്ക് കടക്കുന്നതിനായാണ് ഈ മീഡിയനിലൂടെ അനധികൃതമായി സഞ്ചരിക്കുന്നത്.
എന്നാല്‍, സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കടക്കുന്നതിനായാണ് മീഡിയന്‍ പൊളിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കണ്ണാടിക്കാട് സിഗ്നലോടുകൂടി യു ടേണ്‍ നിലവിലുണ്ട്. എന്നാല്‍, ഇതിനുമുമ്പായാണ് മീഡിയന്‍ പൊളിച്ചിട്ടിരിക്കുന്നത്. കുണ്ടന്നൂര്‍ പാലത്തില്‍ സൂചനബോര്‍ഡ് സ്ഥാപിക്കാത്തതുമൂലം ഫോര്‍ട്ട്കൊച്ചി-തേവര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലത്തിന് മുകളിലൂടെ വന്ന് നെട്ടൂരിലെത്തി യു ടേണ്‍ എടുത്ത് തിരിച്ചുവരേണ്ട സാഹചര്യമാണ്.
ഫോര്‍ട്ട്കൊച്ചി ഭാഗത്തേക്ക് പോകേണ്ടവര്‍ പാലത്തിനടിയിലൂടെ യു ടേണ്‍ എടുത്താണ് തേവര പാലം കയറേണ്ടത്. ഇത് അറിയാത്തവരാണ് ദുരിതം അനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.