എറണാകുളത്ത് ഇടതുകേന്ദ്രങ്ങളിലും ശക്തി തെളിയിച്ച് യു.ഡി.എഫ്
text_fieldsകൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ ഇടതുകേന്ദ്രങ്ങളിലും യു.ഡി.എഫ് പടയോട്ടം. ജില്ലയിൽനിന്ന് ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭ മണ്ഡലങ്ങളിലെയും ഇടുക്കിയുടെ കീഴിലുള്ള മണ്ഡലങ്ങളിലെയും എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ വലിയ നേട്ടമുണ്ടാക്കി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയക്കൊടി പാറിച്ച മണ്ഡലങ്ങളിൽപോലും വൻ വോട്ട് വിഹിതവുമായി ഇത്തവണ യു.ഡി.എഫ് കടന്നുകയറി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിവിധ നിയമസഭ മണ്ഡലങ്ങളിൽ നേടിയ ഭൂരിപക്ഷം വർധിപ്പിക്കാനും യു.ഡി.എഫിന് കഴിഞ്ഞു.
ജില്ലയിലെ കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിൻ, പറവൂർ, എറണാകുളം, കളമശ്ശേരി, തൃക്കാക്കര നിയമസഭ മണ്ഡലങ്ങൾ എറണാകുളം ലോക്സഭാ മണ്ഡലം പരിധിയിലും അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് എന്നിവ ചാലക്കുടിയിലും കോതമംഗലവും മൂവാറ്റുപുഴയും ഇടുക്കിയിലുമാണ്.
2016ലും 2021ലും എൽ.ഡി.എഫ് വിജയിച്ച കൊച്ചിയിൽ 40,266 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിന്റെ ഹൈബി ഈഡന് ലഭിച്ചു. 2019ൽ ഹൈബിയുടെ ലീഡ് 29,313 വോട്ടായിരുന്നു. മണ്ഡലത്തിലെ 157 ബൂത്തിൽ 156 ഇടത്തും ഇത്തവണ യു.ഡി.എഫിനാണ് മേൽക്കൈ.
മന്ത്രി പി. രാജീവ് വിജയിച്ച മണ്ഡലമാണ് കളമശ്ശേരി. ഇവിടെ 38,447 വോട്ടാണ് ഹൈബിയുടെ ഭൂരിപക്ഷം. രാജീവിന്റെ ബൂത്തിൽപോലും എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ 259 വോട്ടിൽ ഒതുങ്ങിയപ്പോൾ ഹൈബിക്ക് 649 വോട്ട് ലഭിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 8201 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് വൈപ്പിൻ. ഇവിടെ ഹൈബിക്ക് 29,868 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
ചാലക്കുടിയുടെ പരിധിയിൽ വരുന്ന കുന്നത്തുനാട് മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 2715 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ഇവിടെ എൽ.ഡി.എഫിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ട്വന്റി 20 രണ്ടാംസ്ഥാനം കൈയടക്കി. 6360 വോട്ടാണ് യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ ഭൂരിപക്ഷം. മൂന്നാം സ്ഥാനത്തുള്ള എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥിനെക്കാൾ 13,434 വോട്ട് കൂടുതലുണ്ട് ബെന്നിക്ക്.
ഇടുക്കിയുടെ പരിധിയിലുള്ള കോതമംഗലം മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 6605 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിനെക്കാൾ 20481 വോട്ട് യു.ഡി.എഫിന്റെ ഡീൻ കുര്യാക്കോസിന് കൂടുതൽ ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈനിന്റെ നാടായ പറവൂരിലും ഹൈബി 26,395 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി.
കഴിഞ്ഞതവണ ഹൈബിയുടെ ഭൂരിപക്ഷം 14,085 വോട്ടായിരുന്നു. കോൺഗ്രസിന് മേൽക്കൈയുള്ള മറ്റ് മണ്ഡലങ്ങളിലാകട്ടെ വോട്ട് വിഹിതം ഗണ്യമായി വർധിക്കുകയും ചെയ്തു. തൃക്കാക്കര 44900, തൃപ്പൂണിത്തുറ 31965, എറണാകുളം 37069, പെരുമ്പാവൂർ 13965, അങ്കമാലി 16,867, ആലുവ 23921, മൂവാറ്റുപുഴ 27620, പിറവം 15655 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.