ഉത്സാഹത്തിൽ ഉമ
text_fieldsകാക്കനാട്: യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിെൻറ വെള്ളിയാഴ്ചത്തെ പര്യടനം ആരംഭിച്ചത് തൃക്കാക്കര സെൻട്രൽ മണ്ഡലത്തിൽനിന്നായിരുന്നു. ചെമ്പുമുക്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു പൊതുപര്യടനം ഉദ്ഘാടനം ചെയ്തത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി, സജീവ് ജോസഫ് എം.എൽ.എ എന്നിവരും സന്നിഹിതരായി. മണ്ഡലത്തിലെ വീടുകൾ സന്ദർശിച്ച് ആളുകളെ നേരിൽകണ്ട് വോട്ട് തേടാനായിരുന്നു സ്ഥാനാർഥി കൂടുതൽ സമയം ചെലവഴിച്ചത്. കമ്പിവേലിക്കകത്തെയും കരിമക്കേരിയിലെയും പാലച്ചുവടിലെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. പിന്നീട് പാലച്ചുവട് ജുമാമസ്ജിദിലും കാക്കനാട് ജുമാമസ്ജിദിലുമെത്തി വിശ്വാസികളെ നേരിൽകണ്ട് വോട്ട് തേടി. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.എൽ.എമാരായ ടി. സിദ്ദീഖ്, അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. പാലച്ചുവട്, ചാലക്കര, ഒലിക്കുഴി കെന്നഡി മുക്ക്, എന്നിവിടങ്ങളിലൂടെ കടന്നുപോയ പര്യടനം വാഴക്കാലയിൽ സമാപിച്ചു.
'ഉമയെ പിന്തുണക്കും'
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിനെ പിന്തുണക്കുമെന്ന് ട്രാൻസ്പോർട്ട് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ. കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരെയും റിട്ടയർ ചെയ്ത ജീവനക്കാരെയും പരമാവധി ദ്രോഹിക്കുന്ന സമീപനമാണ് ഇടതുസർക്കാർ കാണിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ജില്ല പ്രസിഡന്‍റ് കെ. കേശവൻ അധ്യക്ഷത വഹിച്ചു. മുൻ ജില്ല പ്രസിഡന്‍റ് യു.സി. സെബാസ്റ്റ്യൻ, നേതാക്കളായ എ.വി. ഫ്രാൻസിസ്, എം.എ. മീതിയൻകുട്ടി, വി.എ. വിൻസെന്‍റ്, എം.വി. മാത്യു, ഇ.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഉമയെ വിജയിപ്പിക്കണം -ആർ. ചന്ദ്രശേഖരൻ
കൊച്ചി: തൊഴിലാളിവിരുദ്ധ നടപടികളുമായി തുടർഭരണം നടത്തുന്ന കേന്ദ്ര - സംസ്ഥാന സർക്കാറുകൾക്ക് ചുട്ടമറുപടി കൊടുക്കാൻ മണ്ഡലത്തിലെ മുഴുവൻ തൊഴിലാളികളും യൂനിയൻ ഭേദമന്യേ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിനെ വിജയിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. തൃക്കാക്കര അത്താണിയിൽ വീടുകളിൽ കയറി വോട്ടഭ്യർഥിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയിലെ വോട്ടറായ വെയ്റ്റ് ലിഫ്റ്റിങ്ങിൽ ദേശീയ ചാമ്പ്യനായ അർച്ചനയെ ആർ. ചന്ദ്രശേഖരൻ അഭിനന്ദിച്ചു. ജില്ല പ്രസിഡന്‍റ് കെ.കെ. ഇബ്രാഹിംകുട്ടി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.