കൂട്ടയോട്ടവുമായി ഉമ തോമസ്
text_fieldsകാക്കനാട്: തിങ്കളാഴ്ച കലൂർ സ്റ്റേഡിയം പരിസരത്തുനിന്നായിരുന്നു തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കെ.പി.സി.സി മൈനോറിറ്റി സെൽ നടത്തിയ കൂട്ടയോട്ടത്തോടെയായിരുന്നു തുടക്കം. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലായിരുന്നു നൂറുകണക്കിനുപേർ പങ്കെടുത്ത കൂട്ടയോട്ടം ഫ്ലാഗ്ഓഫ് ചെയ്തത്.
തുടർന്ന് റോജി എം. ജോൺ എം.എൽ.എക്കൊപ്പം തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിലെ തോപ്പിൽ ലക്ഷംവീട് കോളനിയിൽ സന്ദർശനം നടത്തി. തുടർന്ന് മെഴുകുതിരി നിർമാണശാലയായ പോപുലർ കാൻഡിൽസിലെത്തി വോട്ട് അഭ്യർഥിച്ചപ്പോൾ രമ്യ ഹരിദാസ് എം.പിയും ഒപ്പം ചേർന്നു. നവജ്യോതി കോൺവെന്റിലെ സന്ദർശനത്തിനുശേഷം ഭാരത്മാത കോളജിലും തുടർന്ന് പ്രദേശത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടുതേടി.
പാലാരിവട്ടം ജങ്ഷനിൽ പര്യടന ഉദ്ഘാടനം കെ.സി. വേണുഗോപാൽ നിർവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ എ.പി. അനിൽകുമാർ, നജീബ് കാന്തപുരം, നേതാക്കളായ ഫ്രാൻസിസ് ജോർജ്, പി.സി. തോമസ്, മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു. പാലാരിവട്ടം ജങ്ഷനിൽനിന്ന് ആരംഭിച്ച പര്യടനം മില്ലേനിയം നഗർ, ഹെൻട്രി കോളനി, പുനത്തിൽ പാടം, ഗോഡൗൺ ജങ്ഷൻ, വൈ.എം.ജെ റോഡ്, പുത്തൻപുരക്കൽ ജങ്ഷൻ, സൗത്ത് ജനത സെന്‍റ് മേരീസ് ജങ്ഷൻ, സബർമതി റോഡ്, ദേശാഭിമാനി ജങ്ഷൻ വഴി കറുകപ്പള്ളിയിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.