ബി.പി.സി.എൽ വിൽപനയിൽനിന്ന് പിന്മാറണം -സി.പി.എം
text_fieldsകൊച്ചി: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് വിറ്റഴിക്കാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ദേശസാത്കരിച്ചശേഷം ലാഭത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബി.പി.സി.എൽ. എണ്ണ സംസ്കരണത്തിലും വിതരണത്തിലും ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മഹാരത്ന പൊതുമേഖല സ്ഥാപനമാണ്. ബി.പി.സി.എല്ലിന്‍റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ലാഭം 57996.04 കോടി രൂപയാണ്.
കഴിഞ്ഞ അഞ്ചുവർഷം കേന്ദ്രസര്‍ക്കാറിന് നല്‍കിയ ലാഭവിഹിതം 16677.06 കോടി രൂപയും. ഏഴ് രാജ്യങ്ങളിലായി എണ്ണ ഖനന നിക്ഷേപവുമുള്ള ബി.പി.സി.എൽ വര്‍ഷങ്ങളായി ഫോര്‍ച്യൂണ്‍ 500 ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യവസായസ്ഥാപനമാണ്. രാജ്യത്തിനകത്തും പുറത്തും വിപുലമായിക്കിടക്കുന്ന ഭാരത് പെട്രോളിയത്തിന്‍റെ ആസ്തി പത്തുലക്ഷം കോടിയിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബ്രാന്‍ഡ് മൂല്യംകൂടി ചേര്‍ത്താല്‍ ആസ്തി പിന്നെയും ഉയരും.
ഭാരത് പെട്രോളിയം കോര്‍പറേഷന്‍റെ 52.98 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് 2019 നവംബര്‍ 20ന് ചേര്‍ന്ന മന്ത്രിതല സമിതി തീരുമാനിച്ചത്. ഇപ്പോഴത്തെ നിലക്ക് 10 ലക്ഷം കോടി രൂപയുടെ പൊതുസമ്പത്ത് പത്തിലൊന്ന് തുകപോലും ലഭിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം ബി.പി.സി.എലിന്‍റെ ഭാഗമായ കൊച്ചി റിഫൈനറി കേരളത്തിലെ ഏറ്റവും വലിയ വ്യവസായ നിക്ഷേപമാണ്. 35,000 കോടിയുടെ വികസന പദ്ധതികളാണ് കഴിഞ്ഞ 10 വര്‍ഷക്കാലയളവിനുള്ളില്‍ കൊച്ചി റിഫൈനറിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കപ്പെട്ടത്. നാടിന്‍റെ പൊതുവായ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ബി.പി.സി.എൽ സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.