അശാസ്ത്രീയ പൈപ്പിടൽ; പൊറുതിമുട്ടി മുപ്പത്തടം നിവാസികൾ
text_fieldsകടുങ്ങല്ലൂർ: വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പണികളുടെ അശാസ്ത്രീയതമൂലം പ്രദേശവാസികളുടെ ജീവിതം ദുസ്സഹമായതായി പരാതി.
മുപ്പത്തടം, കടുങ്ങല്ലൂർ പ്രദേശങ്ങളിൽ മാസങ്ങളായി നടന്നുവരുന്ന പണികളാണ് ദുരിതമാകുന്നത്. കടിങ്ങല്ലൂർ-മുപ്പത്തടം റോഡ് ദിവസങ്ങളോളം അടച്ചിട്ട് പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം റോഡ് തുറന്നുകൊടുത്തെങ്കിലും വീണ്ടും അതേ റോഡ് അടച്ച് കുഴിയെടുക്കുകയായിരുന്നു. തയാറെടുപ്പില്ലാത്തതിന്റെ ഫലമാണ് ഇത്തരം പ്രശ്നങ്ങളെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രധാന റോഡും ആ റോഡുമായി ബന്ധമുള്ള പഞ്ചായത്ത് റോഡുകളും ഒരേസമയം അടച്ചാണ് ഇപ്പോൾ പണികൾ നടത്തുന്നത്.
പ്രദേശത്തെ നൂറുകണക്കിന് വീട്ടുകാർക്ക് അത്യാവശ്യത്തിനുപോലും പുറത്തിറങ്ങാൻ കഴിയാത്ത വിധം എല്ലാ റോഡും ബ്ലോക്കായി. രാത്രിയിൽ ആശുപത്രി ആവശ്യം ഉണ്ടായാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. റോഡ് കുഴിച്ചിട്ടാൽ ഗതാഗതം തിരിച്ചുവിടാൻ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. പൊടിശല്യത്തിനുള്ള പരിഹാരങ്ങളും കാണേണ്ടത് അധികൃതരാണ്. ഇതൊന്നും ഉണ്ടായിട്ടില്ല.
ഇരുവശവുമുള്ള വ്യാപാരികൾ റോഡ് നനക്കേണ്ട ഗതികേടിലാണിപ്പോൾ. വികസന പ്രവർത്തനങ്ങളെ നാട്ടുകാർ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മുന്നൊരുക്കങ്ങളില്ലാതെ പണികൾ ചെയ്യുന്ന അധികാരികളുടെ അനാസ്ഥക്കെതിരെ ജനരോഷം ഉയർന്നിരിക്കുകയാണ്.
ജൽ ജീവൻ പദ്ധതിക്ക് കുഴിയെടുത്ത തടിക്കക്കടവിൽ അപകടങ്ങളും ഗതാഗതക്കുരുക്കും
കുന്നുകര: അത്താണി-പറവൂർ റോഡിൽ തടിക്കക്കടവ് മുതൽ മാഞ്ഞാലി വരെ ജൽ ജീവൻ പദ്ധതിക്ക് റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ റീടാറിങ് നടത്താത്തതിനാൽ അപകടങ്ങളും യാത്രാദുരിതവും പതിവായി.
രണ്ടുമാസം മുമ്പ് പൈപ്പിടൽ പൂർത്തിയാക്കിയെങ്കിലും ഉപരിതലം ബലപ്പെടുത്തുകയോ കുഴികൾ പൂർണമായും അടക്കുകയോ റോഡ് പൂര്വസ്ഥിതിയിലാക്കുകയോ ചെയ്യാത്തതാണ് ദുരിതയാത്രക്ക് ഇടയാക്കിയതെന്നാണ് ആക്ഷേപം. വീതി കുറവായ അടുവാശ്ശേരി, കുറ്റിയാൽ, കൊല്ലാറ, കുറ്റിപ്പുഴ ഭാഗങ്ങളിലാണ് റോഡിന്റെ മധ്യഭാഗത്ത് ഭീമൻ കുഴികൾ രൂപപ്പെട്ടത്.
തടിക്കക്കടവ്, കുന്നുകര ഭാഗങ്ങളിൽ ജലവിതരണ പൈപ്പുകളുടെ വാൽവ് റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചതിനാൽ കുഴിയെടുത്ത ശേഷം കോൺക്രീറ്റ് സ്ലാബുകൾ പുനഃസ്ഥാപിച്ചപ്പോൾ നിരപ്പിൽനിന്ന് ഉയർന്നാണ് സ്ഥിതിചെയ്യുന്നത്. വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ വെട്ടിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെയും ചാലാക്കൽ മെഡിക്കൽ കോളജിന്റെയും വിവിധ കോളജുകളും ഉള്ളതിനാൽ രാപ്പകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
സന്ധ്യ മുതൽ പുലർച്ച വരെ പതിവായി ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപെടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്കമാലി, ആലുവ, പറവൂർ, മാള, പുത്തൻവേലിക്കര ഭാഗങ്ങളിൽ സർവിസ് നടത്തുന്ന 35ലധികം ബസുകളും ഗതാഗതക്കുരുക്കിൽ വലയുകയാണ്.
പലപ്പോഴും ട്രിപ് പൂർത്തിയാക്കാനോ സമയനിഷ്ട പാലിച്ചു സർവിസ് നടത്താനോ സാധിക്കുന്നില്ല. പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കി റീ ടാറിങ് നടത്തുന്നതുവരെ കാത്തിരിക്കാതെ എത്രയും വേഗം അപകടസാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് അങ്കമാലി-കാലടി-അത്താണി മേഖല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.