വല്ലം ജങ്ഷനില്‍ അപകടം പതിവാകുന്നു
text_fieldsപെരുമ്പാവൂർ: എം.സി റോഡിലെ വല്ലം ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പരിഹരിക്കാന്‍ അധികൃതർ തയാറാകുന്നില്ല. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടിയായ കോടനാട്, മലയാറ്റൂര്‍ ഭാഗങ്ങളിലേക്ക് പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും കിഴക്കന്‍ മേഖലയിലെ പാറമടകള്‍, ക്രഷറര്‍, അരി കമ്പനികൾ തുടങ്ങിയവയില്‍നിന്നുള്ള ഭാരവാഹനങ്ങളും കടന്നുപോകുന്നതും വല്ലം ജങ്ഷനിലൂടെയാണ്. വാഹനങ്ങളുടെ വര്‍ധനയനനുസരിച്ച് ജങ്ഷന് വീതിയില്ല.കോടനാട്, വല്ലം-റയോണ്‍പുരം റോഡുകളിലേക്ക് വാഹനങ്ങള്‍ തിരിയുന്നതും ഗതാഗത നിയന്ത്രണ സംവിധാനങ്ങളുമില്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
വേഗനിയന്ത്രണ മുന്നറിയിപ്പില്ലാത്തതുകൊണ്ട് അപരിചിതരായ ഡ്രൈവര്‍മാര്‍ അമിത വേഗത്തിലാണ് കടന്നുപോകുന്നത്. പലപ്പോഴും അപകടത്തിന് ഇരകള്‍ സ്‌കൂട്ടര്‍ യാത്രികരും കാല്‍നടക്കാരുമാണ്.ഇതിനോടകം നിരവധി ജീവൻ പൊലിഞ്ഞിട്ടുണ്ട്.
അപകടമുണ്ടാകുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കുന്ന അധികാരികള്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതല്ലാതെ നടപ്പാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പെരുമ്പാവൂരില്‍നിന്നുള്ള യാത്രയില്‍ കാഞ്ഞിരക്കാട് പള്ളിപ്പടിയില്‍ തുടങ്ങുന്ന ഗതാഗതക്കുരുക്കില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ കുടുങ്ങുന്നത് പതിവാണ്. രണ്ട് ട്രാഫിക് വാര്‍ഡൻമാരുടെ ആവശ്യമുള്ള ഇവിടെ ഒരാളെ പോലും പൊലീസ് നിയമിച്ചിട്ടില്ല.
പ്രദേശത്തെ ചില വ്യവസായികള്‍ മുന്‍കൈയെടുത്ത് നിയമിച്ച ഒരു വാര്‍ഡനാണ് നിലവില്‍ ഗതാഗതം നിയന്ത്രിക്കുന്നത്. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ അന്തർസംസ്ഥാനങ്ങളിലെയും വടക്കൻ ജില്ലകളിലെയും തീര്‍ഥാടകര്‍ കടന്നുപോകുന്നത് ഇതിലൂടെയാണ്. രാത്രി ആവശ്യത്തിന് വെളിച്ചമില്ലാത്തതും സിഗ്നല്‍ സംവിധാനങ്ങള്‍ ഇല്ലാത്തും അപകടങ്ങള്‍ക്ക് മറ്റൊരു കാരണമാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10ന് കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവമുണ്ടായി.ഒക്കല്‍ പഞ്ചായത്ത് പരിധിയാണ് വല്ലം ജങ്ഷന്‍. പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പൊലീസും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.