പുറയാർ റെയിൽവേ ഗേറ്റിൽ വാഹനം ഇടിച്ചുകയറി; 17 മണിക്കൂറോളം ഗേറ്റ് അടച്ചിട്ടു
text_fieldsദേശം: ഗുഡ്സ് ഓട്ടോയിടിച്ച് ദേശം- കാലടി റോഡിലെ പുറയാർ റെയിൽവേ ഗേറ്റിന്റെ പ്രവർത്തനം തകരാറിലായി. ഇതേത്തുടർന്ന് 17 മണിക്കൂറോളം ഗേറ്റ് വഴിയുള്ള ഗതാഗതം മുടങ്ങി. ഞായറാഴ്ച രാത്രി എട്ടിനാണ് കാലടി ഭാഗത്ത് നിന്ന് വന്ന ഗുഡ്സ് ഓട്ടോ ഗേറ്റിലിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഗേറ്റിന്റെ വശം ചളുങ്ങിയതോടെ അടക്കാനും, തുറക്കാനും പറ്റാത്ത സ്ഥിതിയായി. അതോടെ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ച് രണ്ട് വശത്തേയും ഗേറ്റുകൾ ഞായറാഴ്ച രാത്രി മുതൽ അടച്ചിടുകയായിരുന്നു. സ്വകാര്യ ബസ് സർവീസുകൾ, സ്കൂൾ ബസുകൾ, ചരക്ക് വാഹനങ്ങളടക്കം വലഞ്ഞു. ഗേറ്റടച്ചത് അറിയാതെ രാത്രിയിലും, തിങ്കളാഴ്ച രാവിലെ മുതലും സ്കൂൾ ബസുകൾ അടക്കം ഗേറ്റിന്റെ രണ്ട് വശങ്ങളിലും എത്തി മടങ്ങിപ്പോവുകയായിരുന്നു. വെൽഡറെ കൊണ്ട് വന്ന് തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് ഗേറ്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്.
ആയിരക്കണക്കിന് വാഹനങ്ങളാണ് വിവിധ പ്രദേശങ്ങളിലേക്ക് പുറയാർ റെയിൽവേ ഗേറ്റിലൂടെ കടന്നു പോകുന്നത്. അടുത്തിടെയാണ് ട്രാക്കിൽ നടത്തിയ അറ്റകുറ്റപ്പണിയെത്തുടർന്ന് ആഴ്ചകളോളം ഗേറ്റ് അടച്ചിട്ടത്. പുറയാർ റെയിൽവേ ഗേറ്റിൽ മേൽപ്പാലം ഇല്ലാത്തത് മൂലം കാലങ്ങളായി അനേകങ്ങളാണ് ക്ലേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.