റോഡിൽ മാലിന്യം തള്ളി; സെക്യൂരിറ്റി ജീവനക്കാർ പിടിയിലായി
text_fieldsകാക്കനാട്: റോഡിൽ മാലിന്യം തള്ളിയ സ്വകാര്യ സെക്യൂരിറ്റി കമ്പനി ജീവനക്കാരെ പിടികൂടി. മാലിന്യം ഉപേക്ഷിക്കാൻ ഉപയോഗിച്ച വാഹനം പൊലീസ് പിടിച്ചെടുത്ത് കോടതിക്ക് കൈമാറി. ഞായറാഴ്ച രാത്രി തുതിയൂർ ഇന്ദിര നഗറിലെ റസിഡൻഷ്യൽ ഏരിയക്ക് സമീപമായിരുന്നു സംഭവം.
സ്കോർപിയോ കാറിലെത്തിയ രണ്ടംഗ സംഘം ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യം അടങ്ങിയ ചാക്ക് സമീപത്തെ കരിയിൽ തോട്ടിലേക്ക് എറിയുകയായിരുന്നു. വാഹനത്തിൽ കൂടുതൽ ചാക്കുകെട്ടുകൾ ഉണ്ടായിരുന്നു. റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹിയും ഓട്ടോറിക്ഷ ഡ്രൈവറുമായ തിലകനാണ് ഓട്ടോറിക്ഷ കുറുകെയിട്ട് ഇവരെ പിടികൂടിയത്. കൂടുതൽ ആളുകൾ എത്തിയതോടെ കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഏജൻസിയിലെ ജീവനക്കാർ ഒന്നിച്ച് സമീപത്ത് തന്നെ വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
പ്രദേശത്തെ പാറമടയിലും തോട്ടിലും ഇവർ നേരത്തെയും മാലിന്യങ്ങൾ തള്ളിയത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് കെട്ടിക്കിടന്ന് തോട്ടിലെ ഒഴുക്ക് നിലച്ച സാഹചര്യത്തിൽ നാട്ടുകാർ കാവലിരിക്കുന്നതിനിടെയാണ് വീണ്ടും എത്തിയത്. നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
ഏജൻസി അധികൃതരെത്തി ഉപേക്ഷിച്ച മാലിന്യങ്ങൾ തിരിച്ചെടുക്കാമെന്നും ഇനി ആവർത്തിക്കിെല്ലന്നും ഉറപ്പ് നൽകിയതോടെയാണ് കേസെടുത്ത ശേഷം ഇവരെ വിട്ടയച്ചത്. വാഹനം കോടതിക്ക് കൈമാറി. പിഴ ഈടാക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.