മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
text_fieldsമൂവാറ്റുപുഴ: കനത്ത മഴയിൽ മൂവാറ്റുപുഴയാറ്റിൽ ജലനിലപ്പ് ഉയർന്നതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. കാളിയാറ്റിൽ നീരൊഴുക്ക് വർധിച്ചതും മലങ്കര ഡാമിന്റെ ഷട്ടർ തുറന്നതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. കാളിയാറ്റിലും തൊടുപുഴയാറ്റിലും കോതമംഗലമാറ്റിലും ജലനിരപ്പ് വലിയ തോതിൽ ഉയർന്നതോടെയാണ് ഇവ സംഗമിക്കുന്ന മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ഉയർന്നത്. തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അധികൃതർ ജാഗ്രത നിര്‍ദേശം നല്കി.
തൊടുപുഴയാറ്റില്‍ മുന്നറിയിപ്പ് നിരപ്പ് 9.67മീറ്ററും അപകടനിരപ്പ് 10.67 മീറ്ററുമാണ്. ബുധനാഴ്ച വൈകീട്ട് ആറു വരെയുള്ള കണക്കുപ്രകാരം ജലനിരപ്പ് 9.55 മീറ്ററാണ്. കാളിയാറ്റില്‍ മുന്നറിയിപ്പ് നിരപ്പ് 11.59 മീറ്ററും അപകട നിരപ്പ് 12.59 മീറ്ററുമാണ്. ബുധനാഴ്ച വൈകീട്ട് ആറുവരെയുള്ള കണക്കുപ്രകാരം ജലനിരപ്പ് 10.52 മീറ്ററാണ്. കോതമംഗലമാറ്റില് മുന്നറിയിപ്പ് നിരപ്പ് 11.5 മീറ്ററും അപകട നിരപ്പ് 12.5 മീറ്ററുമാണ്. വൈകീട്ട് ആറുവരെയുള്ള കണക്കുപ്രകാരം ജലനിരപ്പ് 10.805 മീറ്ററാണ്. ഇവ മൂന്നും ചേരുന്ന മൂവാറ്റുപുഴയാറ്റില്‍ മുന്നറിയിപ്പ് നിരപ്പ് 10.015 മീറ്ററും അപകട നിരപ്പ് 11.015 മീറ്ററുമാണ്. വൈകീട്ട് ആറുവരെയുള്ള കണക്കുപ്രകാരം ജലനിരപ്പ് 9.765 മീറ്ററാണ്.
മലങ്കര ഡാമിന്റെ നാല് ഷട്ടറുകള്‍ 70 സെ.മീ. വീതം ഉയര്‍ത്തിയ നിലയിലാണ്. വൈകീട്ട് ആറുവരെ 39.38 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. 41.30 മീറ്റര്‍ ജലനിരപ്പായാല്‍ ഷട്ടറുകള്‍ മുഴുവനും പൂര്‍ണമായി തുറക്കുന്നതിനുള്ള റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തിയാല്‍ തൊടുപുഴയാറ്റില്‍ ജലനിരപ്പ് ഉയരും. ബുധനാഴ്ച പുലർച്ചയോടെ തന്നെ നഗരത്തിലെ പുഴയോര നടപ്പാത അടക്കം വെള്ളത്തിനടിയിലായിരുന്നു .
തോടുകളല്ലാം നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. മഴശക്തമായി തുടർന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇലഹിയ കോളനി, മൂന്നുകണ്ടം, സ്റ്റേഡിയം പരിസരം, കൊച്ചങ്ങാടി, ആനിക്കാക്കുടി കോളനി, പായിപ്ര പഞ്ചായത്തിലെ പെരുമറ്റം, കൂൾമാരി തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടങ്ങളിൽ താമസിക്കുന്നത്. അധികവും നിർധനകുടുംബങ്ങളുമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുള്ള മുന്നറിയിപ്പുകൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.