കുടിനീരില്ലാതെ വലഞ്ഞ് പശ്ചിമകൊച്ചി; ലഭിക്കുന്ന ജലം മലിനം, ദുർഗന്ധമയം
text_fieldsപരിശോധനയിൽ കണ്ടെത്തിയ ദ്രവിച്ച പൈപ്പുകൾ
മട്ടാഞ്ചേരി: നാലുചുറ്റും കായലും കടലുമായി വെള്ളത്താൽ ചുറ്റപ്പെട്ട പശ്ചിമകൊച്ചി മേഖലയിലെ ജനങ്ങൾ കുടിനീരിനായി കേഴുകയാണ്. പല ഡിവിഷനുകളിലും ദാഹജലം കിട്ടാക്കനിയായി മാറി ഒഴുകിയെത്തുന്ന വെള്ളമാകട്ടെ മലിനവും. ചെറിയൊരു ഭൂപ്രദേശമാണെങ്കിലും ഏഴ് ജലസംഭരണികൾ, രണ്ട് ഭൂഗർഭ ജലസംഭരണികൾ എന്നിവ ഇവിടെയുണ്ട്. പക്ഷെ ആവശ്യത്തിന് വെള്ളം മാത്രം സംഭരണികളിൽ ഇല്ല.
പദ്ധതികൾ ഏറെ; ഗുണം കിട്ടുന്നില്ലെന്ന് മാത്രം
മൂന്നര പതിറ്റാണ്ടുകൾക്കുള്ളിൽ വിദേശ സഹായത്തോടെയുള്ള പദ്ധതികളടക്കം ഏഴ് കുടിവെള്ള പദ്ധതിക്കായി 800 കോടിയിലേറെ രൂപ ചെലവഴിച്ചെങ്കിലും കൊച്ചിക്കാരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടാകുന്നില്ല. ഹഡ് കോ പദ്ധതി, ബ്രിട്ടിഷ് കുടിവെള്ള ചേരി നിർമാർജന പദ്ധതി (ഡി.എഫ്.ഐ.ഡി), ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി) പദ്ധതി, പാം പദ്ധതി, അമൃത് പദ്ധതി, മൂവാറ്റുപുഴ ഇറിഗേഷൻ തുടങ്ങിവന്നതും പോയിട്ടുമുള്ള പദ്ധതികൾ പലതാണ്. ഒന്നിന്റെയും ഗുണഫലം കൊച്ചിക്ക് കിട്ടുന്നില്ല. പശ്ചിമകൊച്ചിയിലെ പല ഡിവിഷനിലും ജനം കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. കിട്ടുന്നതാകട്ടെ മാലിന്യവും ദുർഗന്ധവും അടങ്ങിയ ജലവും.
വേനൽ കടുത്തതോടെ നാട്ടുകാരുടെ, പ്രത്യേകിച്ച് വീട്ടമ്മമാരുടെ നെഞ്ചിടിപ്പേറി വരികയാണ്. പ്രതിദിനം കുറഞ്ഞത് 23-26 ദശലക്ഷം ലിറ്റർ വെള്ളം വേണ്ടിടത്ത് രാവിലെയും വൈകീട്ടുമായി ജല അതോറിറ്റി വിതരണം ചെയ്യുന്നത് 16-17 ദശ ലക്ഷം ലിറ്റർ ശുദ്ധജലം മാത്രം. ആലുവ, മൂവാറ്റുപുഴ ശുദ്ധജല വിതരണത്തിന്റെ രണ്ടു പ്രധാന ഇറിഗേഷൻ പദ്ധതികളുമായി ബന്ധപ്പെട്ടിട്ടും വർഷങ്ങളായി പശ്ചിമകൊച്ചി മേഖലയിലെ ദാഹമകറ്റാൻ സാധിക്കുന്നില്ല.
പഴക്കംചെന്ന പൈപ്പുകൾ
കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെട്ട മേഖലയിൽ കഴിഞ്ഞ ദിവസം കുടിവെള്ള പൈപ്പ് കടന്നുപോകുന്ന ഭാഗം പരിശോധിക്കാൻ കുഴിയെടുത്തു. ഈ സമയത്താണ് ജീർണിച്ച് തുരുമ്പു മാത്രമായി മാറിയ പൈപ്പുകൾ കണ്ടെത്തിയത്. 1962ൽ പെരിയാറിലെ ജലം ആലുവ ശുദ്ധജല പ്ലാൻറിലുടെ ശുദ്ധികരിച്ച് എത്തിക്കാൻ സ്ഥാപിച്ച ജലവിതരണ പൈപ്പുകളാണിത്. ഇവ ദ്രവിച്ച് ജീർണിച്ചിരിക്കുകയാണ്. കാലപ്പഴക്കം, ജലമാലിന്യങ്ങൾ അടിഞ്ഞുകൂടിയുള്ള തടസ്സങ്ങൾ, ബലക്ഷയം തുടങ്ങിയവ മൂലം പമ്പിങ് സമയത്തെ ഉയർന്ന സമ്മർദം താങ്ങാൻ കഴിയാതെപൊട്ടുന്നതും ജലവിതരണത്തെ ബാധിക്കുന്നുണ്ട്.
ആവശ്യത്തിലേറെ ജലസംഭരണികൾ, പക്ഷേ....
കൊച്ചിമേഖലയിൽ ഏഴ് ജലസംഭരണികളാണുള്ളത്. രണ്ട് ഭൂഗർഭ ജലസംഭരണികളും. ഫോർട്ടുകൊച്ചി, മോഡി ബാത്ത്, അമരാവതി, കുവപ്പാടം, കരുവേലിപ്പടി, തോപ്പുംപടി, പള്ളുരുത്തി എന്നിവിടങ്ങളിലാണ് സംഭരണികളുള്ളത്. ഇവക്കെല്ലാം കൂടി മൊത്തത്തിൽ രണ്ടു കോടി ലിറ്ററിലേറെ ജലസംഭരണ ശേഷിയുണ്ട്. ഒരാഴ്ചത്തേക്കുള്ള ജലം സൂക്ഷിക്കാനാകും. എന്നാൽ, പമ്പിങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തെ തുടർന്ന് കുറഞ്ഞ അളവിലുള്ള ജലം മാത്രമേ ശേഖരിക്കുന്നുള്ളു. തോപ്പുംപടിയിലും പള്ളുരുത്തിയാലെയും ഭൂഗർഭ ജലസംഭരണികളിലും ഇതൊക്കെ തന്നെയാണ് സ്ഥിതി.
കരുവേലിപ്പടിയിലെ വാട്ടർ അതോറിറ്റി ജലസംഭരണി
ജല അതോറിറ്റി ഓഫിസിൽ സമരവേലിയേറ്റം
കൊച്ചി നഗരസഭയുടെ 29 ഡിവിഷനുകളും ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളുമടങ്ങുന്ന കൊച്ചി മേഖലയിൽ കുടിവെള്ള ക്ഷാമത്തിനെതിരെയുള്ള സമരങ്ങളും പതിവ് കാഴ്ചയായി മാറുകയാണ്. വിവിധ ഡിവിഷൻ നിവാസികൾ കൗൺസിലർമാർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫിസിൽ കാലികുടങ്ങളുമായി സമരത്തിനെത്തും. ഇവരെ ആശ്വസിപ്പിച്ച് ഉദ്യോഗസ്ഥർ പറഞ്ഞുവിടും. രണ്ടോ മൂന്നോ ദിവസം സമരം ചെയ്തവരുടെ മേഖലയിലേക്ക് കൂടുതൽ പമ്പ് ചെയ്യും. എന്നാൽ, അടുത്ത ദിനം മറ്റൊരു ഭാഗത്ത് നിന്നെത്തുന്നവരെ സമാശ്വസിപ്പിക്കാൻ കുട്ടിക്കൊടുത്ത പമ്പിങ് കുറക്കേണ്ടി വരുന്നു. ഇതോടെ അവർ വീണ്ടും സമരത്തിനെത്തും. പശ്ചിമകൊച്ചിയിലേക്കുള്ള ജലവിതരണത്തിന്റെ കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെങ്കിലും ഇത് പരിഹരിക്കാൻ ജനപ്രതിനിധികൾ ഇടപെടാത്തതാണ് പ്രശ്നം ഇത്രയേറെ രൂക്ഷമാക്കിയിരിക്കുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കുടിവെള്ളമില്ലെങ്കിലും ബില്ലടക്കണം
കുടിവെള്ളം കിട്ടിയില്ലെങ്കിലും ബിൽ യഥേഷ്ടം വരും. പ്രതിമാസം നിശ്ചിത തുക, അധിക നിരക്ക്, പിഴ തുക, കണക്ഷൻ വിഛേദിക്കൽ, കണക്ഷൻ ഒരുക്കൽ തുടങ്ങിയവയിൽ യാതൊരു മുടക്കവും ജല അതോറിറ്റി പുലർത്താറില്ല. ബിൽ തുക തയാറാകുന്നതിലും ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്നതിലും ജല അതോറിറ്റി കണിശക്കാരാണ്. പശ്ചിമകൊച്ചിയിലെ പല കുടിവെള്ള കുഴലുകളും കനാലിലൂടെയും തോട്ടിലൂടെയും കടന്ന് പോകുന്നുണ്ട്. ഇവ ദ്രവിച്ച് തോട്ടിലെ മാലിന്യ വെള്ളം കയറി രോഗങ്ങൾ പിടിപെടാറുണ്ട്. ടൈഫോയ്ഡ്, മഞ്ഞപിത്തം, ഛർദി, വയറിളക്കം തുടങ്ങിയ പകർച്ചവ്യാധി ഭീഷണികൾക്കിടയിലും പ്രശ്നപരിഹാരത്തിന് അധികൃതർ തയാറാകാത്തതും വിമർശനത്തിന് ഇടയാക്കുന്നുണ്ട്.
"പശ്ചിമ കൊച്ചിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ദ്രവിച്ച് നശിച്ച ഇരുമ്പ് പൈപ്പുകൾ മാറ്റി പി.വി.സി പൈപ്പുകൾ ഇട്ട് കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണ തോത് വർധിപ്പിച്ച് ജല വിതരണം കാര്യക്ഷമമാക്കണം. ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ട നടപടികളാണ് വാട്ടർ അതോറിറ്റി സ്വീകരിക്കേണ്ടത്. ശുദ്ധമായ കുടിവെള്ളം ലഭിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണ്. അത് എത്തിക്കുകയെന്നത് വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്വവുമാണ്. കുടിവെള്ളം അശുദ്ധമല്ല എന്ന് ഉറപ്പുവരുത്തേണ്ട ചുമതല ആരോഗ്യ വിഭാഗത്തിന്റെതും ആണ്. ചുമതലയുള്ളവർ അത് നിർവഹിക്കുക തന്നെ വേണം."-ഷക്കീർ അലി (സാമുഹിക പ്രവർത്തകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.