വെള്ളക്കെട്ടിനും കൃഷിനാശത്തിനും വഴിയൊരുക്കി ആലുവത്തോട് ചിറയിലെ ഷട്ടർ
text_fieldsചെങ്ങമനാട്: ചാലക്കുടിയാറുമായി ബന്ധപ്പെട്ട പാറക്കടവ് പഞ്ചായത്തിലെ ‘ആലുവത്തോട് ചിറ’യിലെ കാലപ്പഴക്കമുള്ള ഷട്ടർ മാറ്റി ‘ഷട്ടർ കം ബ്രിഡ്ജ്’ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ പൂവ്വത്തുശ്ശേരി വലിയകുളം പാടശേഖരത്തിൽനിന്നാണ് ആലുവത്തോട് വഴി ചാലക്കുടി പുഴയിൽ വെള്ളം ഒഴുകിയെത്തുന്നത്.
ജനവാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന വർഷങ്ങൾ പഴക്കമുള്ള ചെറിയ ഷട്ടറാണിത്. വര്‍ഷകാലത്ത് പൂവ്വത്തുശ്ശേരി വലിയകുളം പാടശേഖരത്തിൽ നിറഞ്ഞ് കവിയുന്ന വെള്ളം ചിറയിലൂടെ ഒഴുകുന്നതിനാൽ ചാലക്കുടിപ്പുഴയിലെത്താന് തടസ്സമാകുന്നുവെന്നാണ് പറയുന്നത്. പാടശേഖരത്തിൽ നിറയുന്ന വെള്ളം പൂർണമായി ഒഴിവാകുകയുമില്ല. അതിനാൽ പലപ്പോഴും പ്രദേശത്ത് വെള്ളക്കെട്ടിനും കൃഷിനാശത്തിനും കാരണമാകുന്നു.
അശാസ്ത്രീയമായ ഷട്ടർ മാറ്റി സ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരമില്ല. മഴക്കാലമായാൽ പഞ്ചായത്തിലെ 11 മുതൽ 13 വരെ വാർഡുകളിലെ കണ്ണംകുളം, പൂവ്വത്തുശ്ശേരി, ഐനിക്കതാഴം, ഇരുമ്പുങ്ങൽ, മൊതക്കാട് പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിനും കൃഷിനാശത്തിനും കാരണമാകുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
500 ഏക്കറോളം വരുന്ന വലിയകുളം പാടശേഖരത്തിന്റെ മധ്യഭാഗത്താണ് ആറ് ഏക്കറോളമുള്ള വലിയകുളം. മഴക്കാലത്ത് ചുറ്റുഭാഗങ്ങളിലുള്ള വെള്ളം വലിയകുളത്തിലാണ് ഒഴുകിയെത്തുന്നത്. അവിടെനിന്ന് ഒഴിവാക്കാനാണ് ആലുവത്തോട് വഴി ചാലക്കുടിപ്പുഴയിൽ വെള്ളം എത്തിക്കാൻ ഷട്ടർ നിർമിച്ചത്. എന്നാൽ, ചിറയുടെ അവസാന ഭാഗത്ത് ചെറിയ ഷട്ടറാണുള്ളത്. മൂന്ന് കിലോമീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള ചിറ നവീകരിക്കണമെന്നാവശ്യവും കാലങ്ങളായി നാട്ടുകാർ ഉന്നയിക്കുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.