പ്രതീക്ഷയിലാണ്, കൈവിടരുത്...
text_fieldsകൊച്ചി: മഴപെയ്യുമ്പോൾ മാത്രമല്ല, ഏത് നിമിഷവും വെള്ളം വീട്ടിനുള്ളിലെത്തുമെന്നതാണ് പി ആൻഡ് ടി കോളനിയിലെ അവസ്ഥ. നേരം പുലരുമ്പോൾ വീട്ടിൽനിന്നും വെള്ളം കോരി പുറത്തേക്ക് കളയുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. നഗര ഹൃദയത്തിലെ ഈ ദുരിത കാഴ്ചകൾക്ക് പരിഹാരമായി ജി.സി.ഡി.എ പദ്ധതി പ്രകാരം മുണ്ടംവേലിയിൽ വീടുകൾ ഉയരുന്നത് കാത്തിരിക്കുകയാണ് അവർ. സ്വന്തമായി അഭയസ്ഥാനമൊരുക്കുമെന്നുള്ള സർക്കാറിെൻറ മൂന്ന് വർഷം മുമ്പുള്ള പ്രഖ്യാപനം ഇനിയും യാഥാർഥ്യമായിട്ടില്ലെന്നത് അവരെ അസ്വസ്ഥരാക്കുന്നുണ്ട്.
എറണാകുളം നഗര ഹൃദയത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം 83 വീടുകളിലായി ചെറിയ കുട്ടികളടക്കം നിരവധി ആളുകൾ ബുദ്ധിമുട്ടി കഴിയുകയാണ്. കാൻസർ രോഗികൾ, കിടപ്പ് രോഗികൾ എന്നിങ്ങനെ ചികിത്സയിൽ കഴിയുന്നവരും നിരവധി.
മുമ്പ് പറഞ്ഞ അതേ വാഗ്ദാനങ്ങളുമായി വീണ്ടും നേതാക്കളെത്തുന്നുവെന്നും ഇത്തവണയെങ്കിലും വീടെന്ന സ്വപ്നം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോളനി നിവാസിയായ ലോട്ടറി കച്ചവടക്കാരൻ ബാബു പറയുന്നു.കല്ലിടൽ കഴിഞ്ഞ പദ്ധതി എന്ന് പൂർത്തിയാകുമെന്ന് അറിയില്ല. നിർമാണം ആരംഭിച്ചതായി അറിയുന്നു. അവിടേക്ക് മാറാൻ കഴിഞ്ഞാൽ വലിയ ആശ്വാസമാകും- അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തമായി വീട് കിട്ടുെമന്ന വാഗ്ദാനം വർഷങ്ങളായി കേൾക്കുന്നതാണെന്നും കൈയിലേക്ക് താക്കോൽ ലഭിക്കുമ്പോൾ മാത്രമെ അത് വിശ്വസിക്കാൻ കഴിയുകയുള്ളൂവെന്നും വീട്ടമ്മയായ ജയശ്രീ പറഞ്ഞു.
പലരും മടുത്ത് സ്ഥലംമാറി പോയ കാര്യം ചൂണ്ടിക്കാട്ടുകയാണ് ഷീല. പത്ത് മാസത്തിനുള്ളിൽ താക്കോൽ കൈമാറുമെന്ന് പറഞ്ഞ പദ്ധതി മൂന്ന് വർഷമായിട്ടും യാഥാർഥ്യമായിട്ടില്ല. സഹായിച്ച രാഷ്ട്രീയ നേതാക്കളും നിരവധിയുണ്ട്. പലരും തങ്ങൾക്ക് വേണ്ടി ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിലും കൃത്യമായ പരിഹാരം ഉണ്ടാകുന്നില്ല. ജി.സി.ഡി.എ പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നും ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും മറ്റും അതിനെക്കുറിച്ച് അറിയാൻ കഴിഞ്ഞെന്നും വിജിത പറയുന്നു. ഇടുങ്ങിയ വഴികളും ഒറ്റമുറി വീടുകളുമുള്ള കോളനിയിലെ ദുരിത ജീവിതം അവസാനിക്കുന്ന നാളുകൾ വിദൂരമല്ലെന്ന് വിശ്വസിക്കുകയാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.