തങ്കമണിക്ക് വീടൊരുക്കി വെൽഫെയർ ട്രസ്റ്റ്
text_fieldsകൊച്ചി: തങ്കമണിയുടെയും കുടുംബത്തിെൻറയും സ്വന്തം വീടെന്ന സ്വപ്നം സാഫല്യമായി. സ്വന്തമായി കിടപ്പാടമില്ലാതെ മക്കളും മാതാപിതാക്കളുമായി ഉദയംപേരൂരിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു തങ്കമണി. വീട്ടുടമയുടെ നിർബന്ധത്തിന് മുന്നിൽ മറ്റൊരു താമസസ്ഥലം കണ്ടെത്താനാകാതെ അന്നം പോലും മുട്ടിയ അവസ്ഥയിലാണ് കുടുംബത്തെ വെളിയത്തുനാട് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് ഏറ്റെടുത്ത് വീട് നിർമിച്ച് നൽകിയത്.
മീഡിയവൺ വാർത്തയിലാണ് ഇവരുടെ ദുരിത കഥ പുറത്തറിഞ്ഞത്. തങ്കമണിക്കും എട്ടംഗ കുടുംബത്തിനും താമസിക്കാൻ എല്ലാവിധ സൗകര്യങ്ങളുമായാണ് വീടിെൻറ പണി പൂർത്തിയാക്കി വെൽഫെയർ വില്ലേജിൽ നൽകിയത്. ഒന്നര മാസം പ്രായമുള്ള കുഞ്ഞ് അടക്കമുള്ള കുടുംബത്തെ കഴിഞ്ഞ ആഴ്ച വെൽഫെയർ ട്രസ്റ്റിലേക്ക് അംഗങ്ങൾ കൂട്ടിക്കൊണ്ട് വന്നിരുന്നു.
കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു താക്കോൽ കൈമാറി. തങ്കമണിയുടെ പിതാവ് എല്ലാവർക്കും മധുരം നൽകി സന്തോഷം പങ്കുവെച്ചു. വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് പ്രസിഡൻറ് മുഹമ്മദ് ഷബീർ സ്വാഗതം പറഞ്ഞു. ചെയർമാൻ ഡോ. മൻസൂർ ഹസ്സൻ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം രവീന്ദ്രൻ, കരുമാല്ലൂർ പഞ്ചായത്ത് അംഗം അയ്യപ്പൻ, മീഡിയ വൺ ബ്യൂറോ ചീഫ് സജീഷ്, ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ വി.എസ്. ദിലീപ് കുമാർ, ട്രസ്റ്റ് ഭാരവാഹികളായ മുഹമ്മദ് ഇക്ബാൽ, ആസിഫ് അലി കോമു, അബ്ദുൽ ജബ്ബാർ, അബൂബക്കർ, വി.വി.കെ. സെയ്ത് എന്നിവർ പങ്കെടുത്തു. നാലു മക്കളുടെ പഠനചെലവുകളും ട്രസ്റ്റ് വഹിക്കുമെന്ന് ഡോ. മൻസൂർ ഹസ്സൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.