തൃക്കാക്കരയിൽ വ്യാപക നാശം
text_fieldsകാക്കനാട്: പെട്ടെന്നെത്തിയ അതിശക്തമഴ തൃക്കാക്കര നഗരസഭയിൽ വ്യാപക നാശമുണ്ടാക്കി. നഗരസഭയിലെ വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായെങ്കിലും സംഭവ സ്ഥലത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തങ്ങൾ ഒഴിവായി. കാക്കനാടിന് സമീപം പുരയിടത്തിലെ സംരക്ഷണ ഭിത്തിയിടിഞ്ഞ് കാർ താഴേക്ക് ചരിഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിൽ പലതും നിമിഷങ്ങൾക്കകം വെള്ളത്തിലായി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കാക്കനാട് വി.എസ്.എൻ.എൽ റോഡിന് സമീപം താമസിക്കുന്ന ശാന്തിനഗറിൽ നിറ്റ്സൺ കെ. വർഗീസിന്റെ വീടിന്റെ സംരക്ഷണ മതിൽ തൊട്ടടുത്ത് നിർമാണം പുരോഗമിക്കുന്ന പുരയിടത്തിലേക്ക് തകർന്നു വീണത്.
വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും മതിലിനൊപ്പം താഴേക്ക് പതിച്ച സ്ഥിതിയിലായിരുന്നു. തൃക്കാക്കര അഗ്നിരക്ഷാ നിലയത്തിൽനിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് കാർ ഉയർത്തി മാറ്റിയത്.
ഇൻഫോപാർക്കിന് സമീപം പാറക്കാമുകൾ എസ്.സി കോളനിയിലും മണ്ണിടിഞ്ഞ് പുരയിടത്തിലേക്ക് വീണു. ഏരിക്കൽ വീട്ടിൽ അപ്പു എന്നയാളുടെ പറമ്പിൽനിന്ന് പാറക്കാമുകൾ വീട്ടിൽ കൃഷ്ണന്റെ പുരയിടത്തിലേക്കാണ് മണ്ണും കല്ലുമടക്കം ഇടിഞ്ഞുവീണത്.
രാവിലെ പെയ്ത മഴയിൽ വെള്ളം ഇരച്ചെത്തിയതാണ് അപകടത്തിലേക്ക് നയിച്ചത്. ഈസമയം വീട്ടുകാർ അകത്തായിരുന്നു.വാർഡ് കൗൺസിലർ എം.ഒ. വർഗീസിന്റെ നേതൃത്വത്തിൽ നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുജാകുമാരി, ഓവർസിയർ പ്രമോദ് എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി.
മഴ ശക്തമായാൽ ഇനിയും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇവിടെ സംരക്ഷണഭിത്തി നിർമിക്കാനുള്ള നടപടി അടിയന്തരമായി പൂർത്തിയാക്കണമെന്നും എം.ഒ. വർഗീസ് പറഞ്ഞു. ഇതിനായി നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ കലക്ടറുമായി കൂടിക്കാഴ്ച നടത്തും.
വാഴക്കാലക്ക് സമീപം ഓലിക്കുഴിയിൽ രണ്ട് വീട്ടുകളുടെ മതിൽ നിലംപൊത്തി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെട്ടാണ് മതിലുകൾ ഇടിഞ്ഞത്. ഇരുവീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.