പൊറുതിമുട്ടി കണ്ണിമംഗലം, മോതിരക്കണ്ണി റോഡിൽ വിലസി കാട്ടാനകൾ
text_fieldsമലയാറ്റൂർ: കണ്ണിമംഗലം പ്രദേശത്ത് ഒരാഴ്ചയായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരം തേടി പരിസരവാസികൾ. റോഡിന് ഇരുവശത്തുമുള്ള ഇല്ലിയും കാടുകളും വെട്ടിത്തെളിക്കൽ ആരംഭിച്ചു. കടുകുളങ്ങര-പാണ്ടുപാറ റോഡ്, മറിയാമ്മ കയറ്റം, കടുകുളങ്ങര തുടങ്ങിയ ഭാഗങ്ങളിൽ കുട്ടിയാനകൾ അടക്കമുള്ള കാട്ടാനക്കൂട്ടം റോഡിൽ കയറി നിൽക്കുന്നത് പതിവായി. രാവിലെയും വൈകീട്ടും ജോലി കഴിഞ്ഞും സ്കൂൾവിട്ടും വരുന്ന വിദ്യാർഥികളുമടക്കം നിരവധി യാത്രക്കാർ ജീവൻ പണയംവെച്ചാണ് ഇതിലെ സഞ്ചരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ അമ്മയും കുഞ്ഞും സഞ്ചരിച്ച സ്കൂട്ടർ മറിയാമ്മ കയറ്റം മോതിരക്കണ്ണിയിൽ ആനക്ക് മുന്നിൽപെട്ടു. ഭാഗ്യത്തിനാണ് ഇവർ രക്ഷപ്പെട്ടത്. പരിസരത്തുണ്ടായിരുന്ന വനപാലകരുടെ അനുമതിയോടെ സ്കൂട്ടർ ഓടിച്ചുപോകുമ്പോഴാണ് സംഭവം. ഈ സമയം ശക്തമായ മഴയും ഉണ്ടായിരുന്നു. കടുകുളങ്ങര ഭാഗത്തും റോഡിൽ പത്തോളം ആനകൾ തമ്പടിച്ചിരുന്നു. രാത്രിയിൽ ഭയപ്പാടോടെയാണ് ജനങ്ങൾ കഴിയുന്നതന്നും സോളാർ വൈദ്യുതി വേലികൾ അടിയന്തരമായി സ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്നും ആവശ്യമുയരുന്നുണ്ട്. വാഴ, ചക്ക, കൊക്കോ, നെല്ല് തുടങ്ങിയ വിളകൾ കാട്ടാനകൾ നശിപ്പിച്ച നിലയിലാണ്. കാട്ടാനകൾക്ക് പുറമെ പുലിയുടെ ശല്യവും പ്രദേശത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.