ഒന്നുതുറക്കുമോ വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ?
text_fieldsകൊച്ചി: ഗതാഗതക്കുരുക്കിൽ കിടന്ന് ആയിരക്കണക്കിന് യാത്രക്കാരുടെ പ്രതിഷേധം കനക്കുേമ്പാഴും കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങൾ തുറക്കുന്നതിൽ ഇനിയും തീരുമാനമായില്ല. ഇരു മേൽപാലവും തുറക്കാത്തതിൽ കാരണം ബോധിപ്പിക്കാൻ മനുഷ്യാവകാശ കമീഷൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി ആദ്യത്തിൽ മേൽപാലങ്ങൾ ഗതാഗതത്തിന് തുറക്കുമെന്നാണ് അനൗദ്യോഗിക വിവരം.
ആറുവരി പാതയുടെ വൈറ്റില മേൽപാലം പണി നവംബർ 30ന് പൂർത്തിയായതാണ്. 78.36 കോടി ചെലവഴിച്ച് പണിത മേൽപാലം സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം നൽകുമെന്നാണ് പ്രതീക്ഷ. എൻ.എച്ച് 66നെ മുറിച്ചുകടക്കുന്ന തിരക്കേറിയ സഹോദരൻ അയ്യപ്പൻ റോഡ്, വൈറ്റില-പേട്ട റോഡ്, തമ്മനം റോഡ് എന്നിവയിലൂടെ ഗതാഗതം ഇനി സുഗമമാകും. 2017 നവംബർ 27നാണ് പണി തുടങ്ങിയത്. 2019 േമയ് 26ന് പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. 12 സ്പാനിലായി 702.41 മീറ്ററാണ് മേൽപാലത്തിെൻറ നീളം.
കുണ്ടന്നൂർ ജങ്ഷൻ മേൽപാലത്തിെൻറ തൂണുകളുടെ താഴെ ടൈൽ വിരിക്കുന്ന ജോലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. പെയിൻറിങ് ഉൾപ്പെടെ പണികളും പൂർത്തിയായി. 74.45 കോടി രൂപ ചെലവിട്ട് പണിത മേൽപാലം കഴിഞ്ഞ മാർച്ച് 25ന് പൂർത്തീകരിക്കുമെന്നായിരുന്നു കരാർ. 2018 മാർച്ച് 26നാണ് പണിയാരംഭിച്ചത്. എൻ.എച്ച് 66, എൻ.എച്ച് 85, എൻ.എച്ച് 966ബി എന്നിവ സംഗമിക്കുന്ന കുണ്ടന്നൂർ ജങ്ഷനിലെ ഗതാഗതക്കുരുക്ക് യാത്രക്കാരുടെ പേടിസ്വപ്നമാണ്. മേൽപാലം തുറക്കുന്നതിലൂടെ ഇതിന് പരിഹാരമാകും. 15 സ്പാനിലായി 445 മീറ്ററാണ് കുണ്ടന്നൂർ മേൽപാലത്തിെൻറ നീളം.
തദ്ദേശ തെരഞ്ഞെടുപ്പാണ് രണ്ട് മേൽപാലത്തിെൻറയും ഉദ്ഘാടനം നീളാൻ കാരണമായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയെങ്കിലും ഉദ്ഘാടന തീയതി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. മേൽപാലങ്ങളുടെ ഇരുവശത്തൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ ഓരോ ദിനവും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് ആയിരക്കണക്കിന് പേരാണ്. കടുത്ത പൊടിശല്യം പ്രദേശവാസികളെയാകെ ദുരിതത്തിലാക്കുന്നു. വാഹനത്തിരക്ക് ഏറുന്ന തിങ്കൾ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെയും വൈകീട്ടും ഇടപ്പള്ളി-അരൂർ ദേശീയപാത കടന്നുകിട്ടാൻ രണ്ട് മണിക്കൂറെങ്കിലും എടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.