ബസിൽനിന്ന് വീണ് വീട്ടമ്മക്ക് പരിക്ക്; ജീവനക്കാർക്ക് ആശുപത്രിയിൽ ‘നിയമനം’
text_fieldsകാക്കനാട്: ബസിൽനിന്ന് വീണ് വീട്ടമ്മക്ക് പരിക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരെ ആശുപത്രി സേവനത്തിന് നിയമിച്ച് മോട്ടോർ വാഹന വകുപ്പ്. മതിയായ ചികിത്സ നൽകിയില്ലെന്ന പരാതിയിലാണ് വ്യത്യസ്ത നടപടിക്ക് എറണാകുളം ആർ.ടി.ഒ ജി.അനന്തകൃഷ്ണൻ നിർദേശം നൽകിയത്. ജില്ല പട്ടികജാതി വികസന ഓഫിസ് ജീവനക്കാരിയായ സൗമ്യയുടെ മാതാവ് സുധർമക്കാണ് അപകടത്തിൽ പരിക്കേറ്റത്. ദിവസങ്ങൾക്ക് മുമ്പ് കലൂർ മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. കാക്കനാട്-എറണാകുളം റൂട്ടിലോടുന്ന ‘സഫ’ എന്ന് പേരുള്ള ബസിൽ കയറുന്നതിനിടെയാണ് അപകടം.
സുധർമ കയറുന്നതിന് മുമ്പ് തന്നെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ റോഡിൽ വീണ് ഇവർക്ക് പരിക്കേറ്റു. യാത്രക്കാരും കച്ചവടക്കാരും ബഹളം വെച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും എക്സ്റേ എടുക്കുന്നത് ഉൾെപ്പടെ ചികിത്സക്ക് പണം നൽകിയില്ല. ഇതോടെ സൗമ്യ എറണാകുളം ആർ.ടി ഓഫിസിൽ പരാതി നൽകുകയായിരുന്നു. പരാതി സ്വീകരിച്ച ആർ.ടി.ഒ ബസ് ജീവനക്കാരെയും ഉടമയെയും ഓഫിസിൽ വിളിച്ചു വരുത്തി. ഹിയറിങ്ങിൽ സംഭവം നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ജീവനക്കാരെ പാഠം പഠിപ്പിക്കുന്നതിനായി വ്യത്യസ്ത ശിക്ഷ വിധിച്ചത്. നിരവധി രോഗികൾ ചികിത്സക്കായി എത്തുന്ന എറണാകുളം ജനറൽ ആശുപത്രിയിലാണ് ഒരു ദിവസത്തെ ആശുപത്രി സേവനത്തിന് നിർദേശം നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.