സൗജന്യ മയ്യിത്ത് പരിപാലന കേന്ദ്രവുമായി വനിതാ കൂട്ടായ്മ; കൈകാര്യം ചെയ്തത് നൂറ് മൃതദേഹങ്ങൾ
text_fieldsമട്ടാഞ്ചേരി: ഇല്ലായ്മയിൽ വട്ടംചുറ്റുന്ന സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കൈകോർത്തിരിക്കയാണ് 20 വനിതകൾ നേതൃത്വം നൽകുന്ന അന്നുജൂം ട്രസ്റ്റ് . അധികമാരും കടന്നുചെല്ലാത്ത സേവനമേഖലയാണ് ഇവർ തെരഞ്ഞെടുത്തത് എന്നതാണ് പ്രത്യേകത.
ജനങ്ങൾ ഏറെ തിങ്ങിപാർക്കുന്ന മട്ടാഞ്ചേരി മേഖലയിൽ കുടുംബത്തിൽ ഒരാൾ മരിച്ചാൽ മയ്യിത്ത് കിടത്താനോ കുളിപ്പിക്കാനോ കഫൻ പൊതിയാനോ ഇടം ഇല്ലാത്ത അവസ്ഥ നേരിടുന്നവരാണ് ഏറെയും.ഒപ്പം ആശുപത്രികളിൽ മരിക്കുന്നവരുടെ മയ്യിത്ത് വീടുകളിലേക്ക് കൊണ്ടുവരാൻ ആബുലൻസിന് പോലും വാടക നൽകാൻ കഴിവില്ലാത്തവരും ഉണ്ട്. നാട്ടുകാരുടെ ഈ ദുരവസ്ഥക്കെല്ലാം പരിഹാരം എന്ന ലക്ഷ്യത്തോടെയാണ് ഇവർ നയിക്കുന്ന അന്നുജും ട്രസ്റ്റ് പ്രവർത്തിക്കുന്നത്.
മയ്യിത്ത് കിടത്താനും കുളിപ്പിക്കുവാനും കഫൻ പൊതിയാനുമടക്കം മയ്യിത്ത് പരിപാലത്തിനുള്ള അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി മട്ടാഞ്ചേരി മരകടവിൽ കെട്ടിടം സജ്ജീകരിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ. ശീതീകരണ സജ്ജീകരണത്തോടെ പൊതുദർശനം,നമസ്കാരം എന്നിവയടക്കം സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിൽ നിന്നുള്ള മയ്യിത്ത് കൊണ്ടുവരാൻ ആംബുലൻസ്, കഫൻ പൊതിയാൻ തുണി അടക്കം സൗജന്യമായാണ് സേവനം നൽകുന്നത്.
2023 മേയ് ഏഴിന് തുടങ്ങിയ ആദ്യ മയ്യിത്ത് പരിപാലനം നൂറ് തികഞ്ഞു. 41 സ്ത്രീകൾ, 58 പുരുഷൻന്മാർ, ഒരു കുട്ടി എന്നിങ്ങനെ 100 മരണങ്ങൾ കൈകാര്യം ചെയ്തു. ഷഫീദ നിസാർ (ചെയർപേഴ്സൺ ), സമീന (സെക്രട്ടറി), തസ്നി ( ട്രഷറർ ) എന്നിവരാണ് കൂട്ടായ്മയെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.