വനിതാകിരീടം ഉറപ്പിച്ചത് അവസാനനിമിഷം; മികവിെൻറ എം.എ
text_fieldsപാലാ: അവസാനനിമിഷംവരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു എം.ജി കായികചരിത്രത്തിലാദ്യമായി വനിതാകീരിടത്തിലേക്ക് കോതമംഗലം എം.എ കോളജ് ഓടിക്കയറിയത്. പുരുഷവിഭാഗത്തിൽ മീറ്റിെൻറ തുടക്കംമുതൽ വ്യക്തമായി മുന്നേറിയ എം.എ കോളജ്, വനിത വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജുമായി പോരാടിയായിരുന്നു മുന്നിൽ തുടർന്നത്.
അവസാനദിവസമായ ശനിയാഴ്ച വനിതകളുടെ മൂന്നിനങ്ങൾ മാത്രം അവശേഷിക്കെ ഇരു കോളജുകളും തമ്മിലുള്ള വ്യത്യാസം നാല് പോയൻറായി കുറഞ്ഞു. ഇതോടെ എം.എ താരങ്ങളുടെ മുഖങ്ങളിൽ ആശങ്കയും അസംപ്ഷൻ ക്യാമ്പിൽ ആഹ്ലാദവും നിറഞ്ഞു.
എന്നാൽ, തുടർന്ന് നടന്ന വനിതകളുടെ 3000 മീ. സ്റ്റീപിൾ ചെയ്സിൽ സ്വർണവും വെള്ളിയും നേടിയ എം.എം കോളജ് ലീഡുയർത്തി. ഇതോടെ കണ്ണുകളെല്ലാം റിലേയിൽ. ഇതിൽ അസംപ്ഷന് സ്വർണനേട്ടത്തിലേക്ക് ഓടിക്കയറാൻ കഴിയാതിരുന്നതോടെ എം.എ കോളജ് ചരിത്രത്തിലാദ്യമായി വനിത കീരീടത്തിൽ മുത്തമിട്ടു. വനിതകളുടെ 4X100 മീ. റിലേയിൽ എറണാകുളം മഹാരാജാസ് കോളജിനായിരുന്നു സ്വർണം. 4X400 മീ. റിലേയിൽ പാലാ അൽഫോൺസ കോളജും സ്വർണം സ്വന്തമാക്കി.
47 പുരുഷ കായികതാരങ്ങളും 36 വനിത താരങ്ങളുമായിരുന്ന എം.എ കോളജിെൻറ സംഘത്തിലുണ്ടായിരുന്നത്. ഇവർ ഏഴ് മീറ്റ് റെക്കോഡുകളും സ്ഥാപിച്ചു. ചിട്ടയാർന്ന പരിശീലനവും മികവുറ്റ പരിശീലകരും കഠിനാധ്വാനികളായ താരങ്ങളുമാണ് കോളജിെൻറ കരുത്ത്.
വിവിധ ഇനങ്ങളിലായി അഞ്ച് സ്പെഷലിസ്റ്റ് കോച്ചുമാരാണ് കോളജിലുള്ളത്. താരങ്ങൾക്ക് എല്ലാവിധ പിന്തുണയുമായി മാനേജ്മെൻറും ഒപ്പമുണ്ട്.
കോളജിന് സിന്തറ്റിക് ട്രാക്ക്കൂടി ലഭിച്ചാൽ താരങ്ങൾക്ക് മികവാർന്ന പരിശീലനം നൽകാനാകുമെന്ന് മാർ അത്തനേഷ്യസ് കോളജ് മാനേജർ ഡോ. വിന്നി വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.