ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച സംഭവം; ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
text_fieldsകടുങ്ങല്ലൂർ: എടയാർ വ്യവസായ മേഖലയിൽ ബോയിലർ പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഒഡിഷ സ്വദേശിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥർ കമ്പനിയിൽ പരിശോധന നടത്തി. ഗുരുതര സുരക്ഷ വീഴ്ച സംഭവിച്ചിട്ടുള്ളതായി സംഘം വിലയിരുത്തി.
ജോ. ഡയറക്ടർ ഓഫിസിലെ ഇൻസ്പെക്ടർ ലാൽ വർഗീസ്, സീനിയർ ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തിയത്. ഫാക്ടറിസ് ആൻഡ് ബോയിലേഴ്സിന്റെ അംഗീകാരമില്ലാതെയാണ് ബോയിലർ സ്ഥാപിച്ചിട്ടുള്ളത്. ഐ.ബി.ആർ നിയമത്തിന് വിരുദ്ധമായി ശേഷി കുറഞ്ഞ ബോയിലറാണ് ഇവിടെ സ്ഥാപിച്ചിരുന്നത്.
പൊട്ടിത്തെറിയിൽ ബോയിലർ മൂന്നുഭാഗങ്ങളായി ചിന്നിച്ചിതറിയിരുന്നു. അതിൽ ഒരു ഭാഗം സമീപത്ത് അടഞ്ഞുകിടക്കുന്ന കമ്പനി വളപ്പിലാണ് തെറിച്ചുവീണത്.
ഇത് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തി. ഇവിടുത്തെ കാട് വെട്ടിമാറ്റിയ ശേഷമാണ് സംഘം തെറിച്ചുവീണ ഭാഗം കണ്ടെത്തിയത്. ബോയിലർ നിർമിച്ച എടയാറിലെ അശ്വതി എൻജിനീയറിങ് സ്ഥാപനത്തിലെത്തിയ സംഘം ഉടമ മുരളിയിൽ നിന്ന് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. അന്വേഷണ റിപ്പോർട്ട് ഉടൻ ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ, ജോയന്റ് ഡയറക്ടർ എന്നിവർക്ക് കൈമാറുമെന്ന് സീനിയർ ഇൻസ്പെക്ടർ കെ.ആർ. ഷാജി കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.