രാത്രി തടിയിറക്കുന്നതിനിടെ തൊഴിലാളിക്ക് പരിക്ക്
text_fieldsപെരുമ്പാവൂര്‍: മുടിക്കല്‍ സര്‍ക്കാര്‍ തടി ഡിപ്പോയില്‍ രാത്രി തടി ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. മുടിക്കല്‍ പുത്തുക്കാടന്‍ വീട്ടില്‍ ബഷീറിനാണ് പരിക്കേറ്റത്. സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ രാവിലെ ആറിനുമുമ്പും വൈകീട്ട് 5.30നുശേഷവും ലോഡ് കയറ്റാനോ ഇറക്കാനോ ഫോറസ്റ്റ് കോഡുപ്രകാരം അനുമതിയില്ലെന്നിരിക്കെയാണ് മുടിക്കൽ ഡിപ്പോയിലെ ചട്ടലംഘനം.
ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥരെ തടി കോണ്‍ട്രാക്ടര്‍മാര്‍ പലവിധത്തില്‍ സ്വാധീനിച്ചാണ് രാത്രികാലങ്ങളില്‍ തടി ഇറക്കുന്നതെന്നാണ് ആക്ഷേപം. പകല്‍ വെളിച്ചത്തില്‍പോലും ഡിപ്പോകളില്‍ തടി ഇറക്കുന്നത് ഏറെ ദുഷ്കരമാണെന്നിരിക്കെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും കാറ്റില്‍പറത്തി അരണ്ട വെളിച്ചത്തില്‍ അർധരാത്രി തടി ഇറക്കുന്നത്.
വനം വകുപ്പിന് കീഴിലുള്ള തടി ഡിപ്പോകളില്‍ തടി ഇറക്കലുമായി ബന്ധപ്പെട്ട് ചട്ടലംഘനം തുടര്‍ക്കഥയാണെന്ന് നേരത്തേ മുതല്‍ മുറുമുറുപ്പുണ്ട്.
വനം ഫ്ലയിങ് സ്ക്വാഡിെൻറ മൂക്കിനുതാഴെയുള്ള സംഭരണ കേന്ദ്രമാണ് മുടിക്കല്‍ തടി ഡിപ്പോ. എന്നാൽ, ഇത് വനം വകുപ്പിെൻറ വീഴ്ചയല്ലെന്നും കരാറുകാര്‍ക്കാണ് തടി ഇറക്കുന്നതിലെ ഉത്തരവാദിത്തമെന്നും പെരുമ്പാവൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ചിന്നു ജനാര്ദനന് പറഞ്ഞു. പരിക്കേറ്റയാളുടെ ചികിത്സച്ചെലവ് കരാറുകാരന് വഹിക്കും. അസമയത്ത് തടി ഇറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഡി.എഫ്.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.