എറണാകുളം ലോകോത്തര ടെർമിനൽ അനുമതി ഉടൻ വേണം
text_fieldsകൊച്ചി: എറണാകുളം മാർഷലിങ് യാർഡിനെ ലോകോത്തര ടെർമിനലായി വികസിപ്പിക്കുന്ന പദ്ധതിക്ക് ഉടൻ അനുമതി നൽകണമെന്ന് ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർമാന് ഹൈബി ഈഡൻ എം.പി കത്തുനൽകി. റെയിൽവേ മന്ത്രാലയം, കേരള സർക്കാർ എന്നിവയുടെ സംയുക്ത സംരംഭമാണ് പദ്ധതി. ഇതോടൊപ്പം കാസർകോട് -തിരുവനന്തപുരം സെമി ഹൈസ്പീഡ് ലൈനിെൻറ വിശദ പദ്ധതി റിപ്പോർട്ടും റെയിൽവേ ബോർഡിൽ കെട്ടിക്കിടക്കുകയാണ്.
അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് റെയിൽവേ ബോർഡ് അനുമതി നൽകിയെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല. വിവിധ ട്രെയിനുകളുടെ ആവശ്യകതയും കത്തിൽ ഉന്നയിച്ചു. എട്ടുകോച്ചുകൾ കാലിയായി ഓടുന്ന മംഗളൂരു-മഡ്ഗോൺ ഇൻറർസിറ്റി (22635/36) എറണാകുളത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ എറണാകുളം -വാസ്കോ പ്രതിദിന ട്രെയിൻ യാഥാർഥ്യമാകും.
എറണാകുളത്തുനിന്ന് വെള്ളി അല്ലെങ്കിൽ ശനി ദിവസങ്ങളിൽ പുറപ്പെടുന്ന തരത്തിൽ വേളാങ്കണ്ണി സർവിസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിലെ എറണാകുളം-കരൈക്കൽ എക്സ്പ്രസ് എല്ലായ്പ്പോഴും നിറഞ്ഞാണ് സർവിസ് നടത്തുന്നത്. പാലക്കാട്-പൊള്ളാച്ചി-ദിണ്ഡിക്കൽ പാതയിലൂടെ സർവിസ് അനുവദിച്ചാൽ വേളാങ്കണ്ണി, നാഗൂർ തീർഥാടകർക്ക് പ്രയോജനകരമാകും.
രാവിലെയും വൈകീട്ടും എറണാകുളം-തിരുവനന്തപുരം പാതയിൽ നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗം കൂട്ടണം. നിലവിൽ വഞ്ചിനാട് രാവിലെ 5.30, ജയന്തി 5.05, ഇൻറർസിറ്റി 5.30 എന്നിങ്ങനെ എറണാകുളത്തുനിന്ന് പുറപ്പെട്ട് പത്തുമണിക്ക് ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്.
വൈകുന്നേരം 5.25ന് വേണാടും 5.30ന് ജനശതാബ്ദിയും പോയശേഷം തിരുവനന്തപുരത്തേക്ക് രാത്രി 11.35നാണ് അടുത്ത ട്രെയിൻ. ഇതിനിടയിൽ സ്ഥിരമായി പോകുന്ന സർവിസില്ല. കോട്ടയം വഴി പോകുന്ന തേജസ്സ് എക്സ്പ്രസ് ഈ സമയത്തേക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.