തൊഴുത്തിൽ ക്വാറൻറീൻ യുവാവിന്റെ മരണം: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകിഴക്കമ്പലം: വീട്ടുകാര്‍ക്ക് കോവിഡ് പകരാതിരിക്കാന്‍ തൊഴുത്ത് ക്വാറൻറീന് കേന്ദ്രമാക്കിയ മലയിടംതുരുത്ത് അമ്പുനാട്ടില് മാന്താട്ടില്‍ ശശി (സാബു) രോഗം ഗുരുതരമായി അമൃത ആശുപത്രിയില്‍ മരിക്കാനിടയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശശിയുടെ ബന്ധുക്കള്‍ കുന്നത്തുനാട് നിയുക്ത എം.എല്‍.എ പി.വി. ശ്രീനിജിന്‍ പരാതി നല്‍കിയിരുന്നു. പരാതി ആലുവ റൂറല്‍ എസ്.പിക്ക് കൈമാറുകയായിരുന്നു.
ഏപ്രിൽ 26നാണ് ശശിക്ക് കോവിഡ് പോസിറ്റിവായത്. ഭാര്യയും രണ്ടര വയസ്സുകാരന് മകനും പ്രായമായ അമ്മയും അവിവാഹിതനും രോഗിയുമായ സഹോദരനുമടങ്ങുന്ന കുടുംബത്തിെൻറ അത്താണിയായ ശശി കുടുംബത്തിെൻറ സുരക്ഷ കരുതിയാണ് വീടിനോട് ചേര്‍ന്ന് പണിത തൊഴുത്ത് ക്വാറൻറീന് കേന്ദ്രമാക്കിയത്. നാളുകളായി ഇവിടെ പശുക്കളെ കെട്ടിയിരുന്നില്ല.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിലെത്തിയശേഷം വാര്‍ഡിലെ ആശാ വര്‍ക്കറെയും പഞ്ചായത്ത് അംഗത്തേയും വിവരമറിയിച്ചെങ്കിലും പ്രാഥമികമായി ലഭിക്കേണ്ട സേവനമോ ചികിത്സയോ ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
പഞ്ചായത്തില്‍ ഡി.സി.സി ഇല്ലാത്തതിനാല്‍ പാരസെറ്റമോള്‍ മാത്രം കഴിച്ച് തൊഴുത്തില്‍ കഴിയുന്നതിനിടെ മൂന്നാംദിവസം തൃപ്പൂണിത്തുറ ഡി.സി.സിയിലേക്ക് ആരോഗ്യവകുപ്പ് മാറ്റി.
അവിടെയെത്തിയപ്പോള്‍ ശ്വാസതടസ്സമുണ്ടായതോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ രണ്ടിന് ശശി ബന്ധുക്കളോട് ഫോണില്‍ പരാതി പറഞ്ഞതോടെ അവരുടെ അപേക്ഷ പരിഗണിച്ച് മൂന്നിന് രാത്രി 11ഓടെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏഴുദിവസം വെൻറിലേറ്റര്‍ സഹായത്തോടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും 10ന് മരണത്തിന് കീഴടങ്ങി. ഭര്‍ത്താവിന് പ്രാരംഭഘട്ടം മുതല്‍ നല്കിയ ചികിത്സയിലെ പിഴവാണ് മരണകാരണമെന്നും ഇതിനുത്തരവാദികളെ കണ്ടെത്തണമെന്നുമാണ് ഭാര്യ സിജ പരാതിയില്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.