നൂറ് കോടിയുടെ തട്ടിപ്പ്: 12 പ്രതികൾ
text_fieldsകാളികാവ്: മണിചെയിൻ മാതൃകയിൽ നൂറ് കോടിയുടെ തട്ടിപ്പുനടന്ന കേസിൽ കാളികാവ് ഉദരംപൊയിൽ പാറമ്മൽ സ്വദേശി പാലക്കത്തോണ്ടി മുഹമ്മദ് ഫൈസലിനെ കൂത്തുപറമ്പ് പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പ് പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തെളിവെടുപ്പിനാണ് പ്രതിയെ എത്തിച്ചത്. ഈ കേസിന്റെ അന്വേഷണ ചുമതല കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ബിനു മോഹനാണ്. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്ന് കാണിച്ചാണ് മുഹമ്മദ് ഫൈസൽ നിക്ഷേപം സ്വീകരിച്ചിരുന്നത്.
പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരിൽ ബാങ്കോക്കിലും തായ്ലൻഡിലും സ്ഥാപനങ്ങളുണ്ടെന്നും ഇടപാടുകാരെ അറിയിച്ചിരുന്നു. ഇതു വിശ്വസിച്ച് ഒരുലക്ഷം മുതൽ ഒന്നര കോടിയിലധികം വരെ രൂപ നിക്ഷേപിച്ചവരുണ്ട്. നേരത്തേ നിക്ഷേപകർക്ക് ചെറിയ ലാഭവിഹിതം നൽകിയിരുന്നെങ്കിലും പിന്നീട് ലഭിക്കാതായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്.
മുഹമ്മദ് ഫൈസലടക്കം കമ്പനിയുടെ ഡയറക്ടർമാരായ 12 പേരാണ് കേസിൽ പ്രതികളെന്ന് പൊലീസ് അറിയിച്ചു. ഫൈസൽ 12 കേസുകളിൽ പ്രതിയാണ്. ഇതുകൂടാതെ കമ്പനിയുടെ പേരിൽ അഞ്ച് കേസുകളുമുണ്ട്. ഈ കേസുകളിലും ഫൈസൽ പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു. കമ്പനിക്കെതിരെ വിവിധ ജില്ലകളിൽനിന്നായി കൂടുതൽ പരാതികൾ വരുന്നുണ്ട്. മട്ടന്നൂർ സ്വദേശി മുഹമ്മദലിയാണ് ഒന്നാം പ്രതി. തൃശൂർ, ആലപ്പുഴ, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലുള്ളവരും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.