Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിലെ പൊതു...

ജില്ലയിലെ പൊതു ജലസ്രോതസ്സുകൾ മലിനമയം

text_fields
bookmark_border
* തദ്ദേശ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ കണ്ടെത്തൽ തൊടുപുഴ: ജില്ലയിലെ പൊതു ജലസ്രോതസ്സുകളി​ലെ മലിനീകരണത്തോത്​ വർധിക്കുന്നതായി കണ്ടെത്തൽ. തദ്ദേശ ഭരണ വകുപ്പിന്‍റെയും ശുചിത്വമിഷന്‍റെയും നേതൃത്വത്തിൽ നടത്തിയ ജല ഗുണനിലവാര പരിശോധനയിലാണ്​ ജലസ്രോതസ്സുകളിലെ മലിനീകരണത്തിന്‍റെ തോത്​ വർധിക്കുന്നതായി ക​ണ്ടെത്തിയത്​. മുൻ കാലങ്ങളിൽനിന്ന്​ വ്യത്യസ്തമായി പുഴകളിലും തോടുകളിലുമടക്കം കോളി​ഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായതായും കണ്ടെത്തിയിട്ടുണ്ട്​. പുഴകൾ, തോടുകൾ, കുളങ്ങൾ എന്നിവയിലാണ്​ പരിശോധന നടത്തിയത്​. 1592 ജല​ സ്രോതസ്സുകളിൽനിന്ന്​ സാമ്പിളുകൾ ശേഖരിച്ചതിൽ 70 ശതമാനം ജല​സ്രോതസ്സുകളിലും​ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്​. പഞ്ചായത്തിൽ ഒരു വാർഡിലെ നാല്​ ജല സ്രേതസ്സുകളിൽനിന്ന്​ വീതമാണ്​​ സാമ്പിളുകൾ ശേഖരിച്ചത്​. വിവരശേഖരണം പൂർത്തിയാകുന്നതോടെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കും. പരിശോധന നടക്കുന്നത്​ 3444 ജലസ്രോതസ്സുകളിൽ ജില്ലയിൽ 3444 ഇടങ്ങളിലാണ്​ പരിശോധന നടക്കുന്നത്​​. ജില്ലയിലാകെ 45 ശതമാനം സാമ്പിളുകളാണ്​ ഇതുവരെ ശേഖരിച്ചത്​. കണ്ടെത്തിയ സ്ഥലങ്ങളിൽ ഡ്രെയിനേജിൽനിന്നടക്കം മാലിന്യം ജല സ്രോതസ്സുകളിലേക്ക്​ തള്ളുന്നതായും കണ്ടെത്തിയിട്ടുണ്ട്​​. കലക്​ടറുടെ മേൽനോട്ടത്തിൽ തദ്ദേശവകുപ്പ്​, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, ആരോഗ്യവകുപ്പ്, ജലവിഭവ വകുപ്പ്, കില, കുടുംബശ്രീ മിഷൻ, ക്ലീൻ കേരള കമ്പനി, തൊഴിലുറപ്പ് പദ്ധതി, വിനോദസഞ്ചാര വകുപ്പ് എന്നിവരുടെ സഹകരണത്തിലാണ് നടപടി പുരോഗമിക്കുന്നത്​​. ഇനി ജനകീയ പങ്കാളിത്തത്തോടെ ഇവ മാലിന്യമുക്തമാക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച്​ നടപ്പാക്കാനാണ്​ തീരുമാനിച്ചിരിക്കുന്നത്​. ഓരോ ജല സ്രോതസ്സുകളിലെയും മലിനീകരിക്കപ്പെട്ട ഇടങ്ങൾ, മലിനീകരണത്തിന്​ കാരണമായ ഉറവിടങ്ങൾ എന്നിവ കണ്ടെത്തി അവ ജി.ഐ.എസ് സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തി ലിസ്റ്റ് ചെയ്യും. ജല ഗുണനിലവാര പരിശോധനയിലൂടെ ജല സ്രോതസ്സുകളുടെ ശുചിത്വ അവസ്ഥ നിർണയം നടത്തി കർമപദ്ധതികൾ രൂപവത്​കരിക്കും. ലക്ഷ്യം സമ്പൂർണ ജലസുരക്ഷ ഗാർഹിക, സ്ഥാപന, പൊതുതലങ്ങളിലടക്കം ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന പദ്ധതികൾ നടപ്പിലാക്കി സമ്പൂർണ ജല സുരക്ഷ ഉറപ്പുവരുത്തുകയാണ്​ പരിപാടിയുടെ ലക്ഷ്യം. ജലസ്രോതസ്സുകളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികളും ആവിഷ്കരിക്കും. മലിനീകരണ ഉറവിടങ്ങൾ കണ്ടെത്തി അവ ജി.ഐ.എസ് സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തി ലിസ്റ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി ജി.ഐ.എസ് മാപ്പിങ്​,​ ജല ഗുണനിലവാര പരിശോധന എന്നിവയിൽ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാർ, എൻജിനീയർമാർ എന്നിവർക്കായുള്ള ജില്ലതല പരിശീലനവും തുടർന്ന് കുടുംബശ്രീ എ.ഡി.എസ് / തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ തുടങ്ങിയവർക്കുള്ള പരിശീലനങ്ങളും സംഘടിപ്പിച്ചു. ജനങ്ങളെ തന്നെ തങ്ങളുടെ നാട്ടിലെ ജല സ്രോതസ്സുകളു​ടെ സ്ഥിതി ബോധ്യപ്പെടുത്തുകയാണ്​ മാപ്പിങ്ങിലൂടെ ഉദ്ദേശിക്കുന്നത്​. തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ ജലസമിതി ചേരുകയും കാമ്പയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story