Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപരിസ്ഥിതിലോല മേഖലയും...

പരിസ്ഥിതിലോല മേഖലയും നിർമാണ നിരോധനവും: കര്‍ഷകർ ആശങ്കയിൽ

text_fields
bookmark_border
അടിമാലി: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല (ഇക്കോ സെന്‍സിറ്റിവ് സോണ്‍) നിര്‍ബന്ധമാക്കിയുള്ള സുപ്രീംകോടതി ഉത്തരവും 1964ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച പട്ടയങ്ങളില്‍ വാണിജ്യപരമായ നിർമാണങ്ങള്‍ പാടില്ലെന്ന ഹൈകോടതി വിധിയും ഇടുക്കിയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. പല ഘട്ടങ്ങളിലായി കുടിയിരുത്തപ്പെട്ടവരും കുടിയേറിയവരും കൈവശമുള്ള പട്ടയവസ്തുക്കളില്‍ വാണിജ്യപരമായ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ്. ഇതെല്ലാം നിയമപരമല്ലാതാകുന്ന വിധത്തിലേക്ക് നിയമങ്ങള്‍ മാറിവരുമ്പോൾ ഉപജീവനത്തോടൊപ്പം ജീവിതവും പ്രതിസന്ധിയിലേക്ക് മാറുമെന്ന ആശങ്കയാണ് ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്കുള്ളത്. കേരളത്തിലെ 24 സംരക്ഷിത മേഖലകളില്‍ എട്ടെണ്ണം ഇടുക്കി ജില്ലയിലാണ്. ഒരുലക്ഷത്തിനടുത്ത് ഏക്കര്‍ കൃഷിഭൂമിയെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ്​ ചൂണ്ടിക്കാട്ടുന്നത്​. ദേശീയ പാര്‍ക്കുകള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമാകുബോള്‍ ആദ്യഘട്ടത്തില്‍ മറയൂര്‍, മൂന്നാര്‍, വട്ടവട, കാന്തല്ലൂര്‍, ദേവികുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ പോലുള്ള അതിര്‍ത്തി മേഖലകളിലെ പഞ്ചായത്തുകളെയാണ് ബാധിക്കുക. സിങ്കുകണ്ടത്ത് ആനപാര്‍ക്ക് സ്ഥാപിക്കാനുള്ള വനം വകുപ്പ് നീക്കവും ഇത്തരം പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലും കര്‍ഷകര്‍ക്കുണ്ട്. പാറഖനനം ഉൾപ്പെടെ നിരോധനമുള്ള ജില്ലയില്‍ പരിസ്ഥിതിലോല മേഖലയുടെ നിയന്ത്രണം കൂടിയുണ്ടായാല്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലേക്ക് മാറുകയും ചെയ്യുമെന്ന്​ ആക്ഷേപമുണ്ട്​. മലയോര ജനതയുടെ സാമൂഹികജീവിതം തകര്‍ക്കും -അതിജീവന പോരാട്ട വേദി അടിമാലി: പരിസ്ഥിതിലോലം, ഭൂപതിവ് ചട്ടം തുടങ്ങി ഓരോ ദിവസവും ഉണ്ടാകുന്ന നിയമങ്ങള്‍ മലയോര ജനതയുടെ ജീവിതം തകര്‍ക്കുമെന്ന് അതിജീവന പോരാട്ട വേദി ചെയർമാന്‍ റസാക് ചൂരവേലില്‍ പറഞ്ഞു. മുന്‍ ദേവികുളം സബ് കലക്ടര്‍ തെറ്റായ ഉത്തരവിലൂടെ ജില്ലയിലെ എട്ട്​ വില്ലേജുകളില്‍ നിർമാണ നിരോധനം കൊണ്ടുവന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോള്‍ ജില്ലയിലാകമാനം നിരോധനം സര്‍ക്കാര്‍ കൊണ്ടുവന്നു. സമാനരീതിയിലാണ് സംസ്ഥാനത്തെ പട്ടയങ്ങള്‍ കൂടുതലെന്ന് കോടതി കണ്ടെത്തിയതോടെ നിയമം സംസ്ഥാന വ്യാപകമായി. ഇതോടെ നിർമാണം നിരോധിക്കപ്പെട്ടു. ഇതിനിടെയാണ് ഇക്കോ സെന്‍സിറ്റിവ് മേഖല നിര്‍ബന്ധമാക്കിയത്. മനുഷ്യാവകാശങ്ങളും ഭരണഘടനാവകാശങ്ങളും നിഷേധിക്കുന്ന നടപടി നിയമനിർമാണത്തിലൂടെ തിരുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story