Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 11:58 PM GMT Updated On
date_range 11 Feb 2022 11:58 PM GMTസഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലാബ് ജില്ലയിലേക്കും
text_fieldsbookmark_border
p2 lead... പരിശോധന ഫലങ്ങൾ വേഗത്തിലാകും തൊടുപുഴ: പദാര്‍ഥങ്ങളിലെ മായം കണ്ടുപിടിക്കാനുള്ള ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലാബ് ഇടുക്കിയിലേക്കും. ജില്ലയിൽ ഭക്ഷ്യസുരക്ഷ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് മൊബൈൽ ഭക്ഷ്യസുരക്ഷ ലാബ് വരുന്നത്. വാഹനം അനുവദിച്ചിട്ടുണ്ടെന്നും നടപടി പുരോഗമിക്കുകയാണെന്നും അസി. ഫുഡ് സേഫ്റ്റി കമീഷണർ കെ.പി. രമേശ് പറഞ്ഞു. നിലവിൽ ജില്ലയിൽ നാല് ഭക്ഷ്യസുരക്ഷ ഓഫിസർമാരാണ് ഉള്ളത്. ഇവരുടെ നേതൃത്വത്തിലാണ് പരിശോധന. ജില്ലയുടെ വിശാലമായ ഭൂ പ്രകൃതിയുടെ പ്രത്യേകതകൊണ്ട് തന്നെ എല്ലായിടത്തും ഓടിയെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മൊബൈൽ ലാബ് എത്തുന്നതോടെ ജില്ലയിലെ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ പരിശോധനകളുടെ ഫലങ്ങളും വേഗത്തിലാകും. ഹോട്ടലുകളും ബേക്കറികളുമുൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ മാത്രമല്ല വീടുകളിലെ കുടിവെള്ള സാമ്പിളുകൾ പോലും പരിശോധിക്കാൻ കഴിയും. ചെക്പോസ്റ്റുകളിലും മാർക്കറ്റുകളിലുമൊക്കെ നേരിട്ടെത്തി പരിശോധിക്കാനുള്ള സംവിധാനവും ലാബിലൂടെയുണ്ടാകും. ചെക്ക്പോസ്റ്റിലെയും താലൂക്ക് കേന്ദ്രങ്ങളിലെയും പരിശോധനകൾ കൂടാതെ ഭക്ഷ്യസുരക്ഷ വകുപ്പിനെ കൂടുതൽ ജനകീയമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുകളിലേക്ക് കടന്നുചെന്ന് കുടിവെള്ളവും എണ്ണയും പാലും ഉൾപ്പെടെ വസ്തുക്കളിലെ കൃത്രിമം കണ്ടെത്താനുള്ള ശ്രമം. ആഴ്ചതോറും ജില്ലയിലൂടെ സഞ്ചരിച്ച് പാൽ, കുടിവെള്ളം, ഭക്ഷ്യ എണ്ണ എന്നിവയുടെ സാമ്പിളുകൾ പരിശോധിക്കാനാകും. ഇതുകൂടാതെ വിവിധ വകുപ്പുകളുമായി ചേർന്നും പരിശോധനകൾ നടക്കുന്നുണ്ട്. ഫിഷറീസ്, ഡെയറി ഡെവലപ്മെന്റ്, സ്പൈസസ് എന്നിവയുടെ സഹായത്തോടെ അതിർത്തിയിലടക്കം പരിശോധന നടത്തുന്നു. അതിർത്തി കടന്നുവരുന്ന വെളിച്ചെണ്ണ, പാൽ, പച്ചക്കറി, പഴം എന്നിവ കൃത്യമായി പരിശോധിക്കുന്നുണ്ട്. ഇടുക്കിയിൽ നിന്നെടുക്കുന്ന ഭക്ഷ്യസാമ്പിളുകൾ എറണാകുളത്തേക്കാണ് അയക്കുന്നത്. ഈ സാഹചര്യം ഒരു പരിധിവരെ ഒഴിവാക്കാൻ മൊബൈൽ ലാബിന്‍റെ വരവോടെ കഴിയുമെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പ്രതീക്ഷ. ശീതളപാനീയ വിൽപന; പരിശോധനക്ക് പ്രത്യേക സ്ക്വാഡ് തൊടുപുഴ: കൊടുംചൂടിൽ ഗുണനിലവാരമില്ലാത്ത ജ്യൂസുകളുടെയും മറ്റും വിൽപന വ്യാപകമാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. ബേക്കറികളും കൂൾബാറുകളും വഴിയോരങ്ങളിലെ ജ്യൂസ് വിൽപനശാലകളും കേന്ദ്രീകരിച്ച് പരിശോധന നടത്താൻ പ്രത്യേക സ്ക്വാഡിനെ രൂപവത്കരിച്ചതായി ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറഞ്ഞു. ശീതളപാനീയങ്ങൾ നിർമിക്കാനുപയോഗിക്കുന്നത് ശുദ്ധജലമാണോയെന്നും പരിശോധന നടത്തും. ജ്യൂസുകൾ തയാറാക്കാൻ ഉപയോഗിക്കുന്ന പഴങ്ങൾ, ഐസ്, പഞ്ചസാര, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ നിശ്ചിത ഗുണ നിലവാരമുള്ളവയാണോ എന്നു പരിശോധിക്കും. വ്യവസ്ഥകൾ പാലിക്കാതെയും ഭക്ഷ്യസുരക്ഷ ലൈസൻസ്/രജിസ്ട്രേഷൻ ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. വേനൽക്കാലത്ത് വഴിയോരത്തും മറ്റും തുടങ്ങുന്ന താൽക്കാലിക ശീതളപാനീയ കടകൾക്കും ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ രജിസ്ട്രേഷൻ നിർബന്ധമാണ്. ഇതുകൂടാതെ കുടിവെള്ള നിർമാണ കമ്പനികൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിളെടുത്ത് ഗുണനിലവാരം പരിശോധിക്കും. പ്ലാസ്റ്റിക് ബോട്ടിലുകളിൽ വിൽപനക്കുള്ള ശീതളപാനീയങ്ങൾ കടക്ക് പുറത്ത് വെയിലേൽക്കുന്ന തരത്തിൽ തൂക്കിയിടരുതെന്ന് കച്ചവടക്കാർക്ക് കർശന നിർദേശം നൽകുന്നുണ്ടെന്ന് തൊടുപുഴ ഫുഡ് സേഫ്റ്റി ഓഫീസർ എ.എം. ഷംസിയ പറഞ്ഞു. വെയിലേറ്റാൽ പ്ലാസ്റ്റിക് ഉരുകി ഇത് പാനീയത്തിൽ കലർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതിനാലാണ് ഈ നിർദേശം. രോഗങ്ങൾ പിടിപെടാതിരിക്കാൻ അണുമുക്തമായ രീതിയിലായിരിക്കണം വഴിയോരത്തെ ശീതളപാനീയ കടകളും ജ്യൂസ് പാർലറുകളും പ്രവർത്തിക്കേണ്ടതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് നിഷ്കർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story