Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 11:58 PM GMT Updated On
date_range 12 Feb 2022 11:58 PM GMT* ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി നടപടികൾ തുടങ്ങി ഒറ്റപ്പെട്ട പ്രദേശങ്ങളിലും കുടിവെള്ളമെത്തും
text_fieldsbookmark_border
തൊടുപുഴ: ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ഒറ്റപ്പെട്ട പ്രദേശങ്ങൾ, ഭവനങ്ങൾ, വിദൂര ആദിവാസി കോളനികളിലുമടക്കം കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 2023-24ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലേക്കും നൂറുശതമാനം ടാപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളുടെയും ആദിവാസിക്കുടികളുടെയുമടക്കം വിവരങ്ങൾ ശേഖരിച്ചതായും ഇവിടങ്ങളിൽ വെള്ളമെത്തി തുടങ്ങിയതായും അധികൃതർ പറഞ്ഞു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വാട്ടര്‍ അതോറിറ്റി ജലവിതരണ-പദ്ധതി നിർവഹണ വിഭാഗം എക്‌സി. എൻജിനീയര്‍മാര്‍, എസ്.സി/എസ്.ടി ജില്ല വികസന ഓഫിസര്‍മാര്‍, ഭൂജല വകുപ്പ് ജില്ല ഓഫിസര്‍, ജലനിധി മേഖല പദ്ധതി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഇടമലക്കുടിയടക്കമുള്ള ചില കുടികളിൽ കുടിവെള്ള പദ്ധതി നടപ്പാക്കാൻ പ്രയോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അവിടങ്ങളിൽ സാമഗ്രികൾ എത്തിക്കുന്നതും കിണർ കുഴിക്കുന്നതും പമ്പിങ്ങുമടക്കം പ്രയാസമുള്ള കാര്യമാണ്. എങ്കിലും കിണർ കുഴിച്ച് നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ വൈദ്യുതിയുടെ അഭാവവും വെല്ലുവിളി ഉയർത്തുന്നുണ്ട്. ജില്ലയിലെ പല വിദൂര ആദിവാസിക്കുടികളിലും ഈ പ്രശ്നം തന്നെ നേരിടുന്നു. സോളാർ പമ്പുകൾ സ്ഥാപിച്ച് വെള്ളമെത്തിക്കുന്ന കാര്യങ്ങളും പരിഗണനയിലാണ്. ഹൈറേഞ്ചിലെ ചിലയിടങ്ങളിൽ നിയന്ത്രിത അളവിൽ കുഴൽ കിണറുകൾ കുഴിക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ മാത്രമാണ് ഇതിന് അനുമതി. ചില പഞ്ചായത്തുകളിൽ കുടിവെള്ള ലഭ്യതക്കുറവ് നേരിടുന്നുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍ററ് ജജി കെ. ഫിലിപ്പ് പറഞ്ഞു. മോട്ടോർ മാറിവെക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നുമുണ്ട്. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് കൂടുതൽ പദ്ധതികൾ പൂർത്തിയായി വരുകയാണ്. ഭൂരിഭാഗവും മാർച്ചിന് മുമ്പായി തീർക്കും. ഇതോടെ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്നും പ്രസിഡന്‍റ് പറഞ്ഞു. പച്ചക്കറി വില കുറയുന്നു തമിഴ്‌നാട്ടിൽനിന്ന് സുലഭമായി എത്തിത്തുടങ്ങി തൊടുപുഴ: കുതിച്ചുയർന്ന പച്ചക്കറി വിലയുടെ ഗ്രാഫ് താഴുന്നു. തമിഴ്‌നാട്ടിൽ വില കുറഞ്ഞതാണ് ഇടുക്കിയിലും വില കുറയാൻ കാരണം. നാടൻ പച്ചക്കറികളും മാർക്കറ്റിലേക്ക് വന്നുതുടങ്ങിയതോടെ വിപണിയിൽ വിലക്കുറവ് പ്രകടമായിട്ടുണ്ട്. നൂറും കടന്നു മുന്നേറിയ തക്കാളി മൊത്തവില ഇപ്പോൾ 30 രൂപയിലെത്തി. ഉൽപാദനക്കുറവും ഇന്ധനവിലയിലുണ്ടായ വർധനയും മൂലവുമാണ് പച്ചക്കറിയുടെ വില കഴിഞ്ഞ രണ്ടുമാസത്തിനിടെ കുത്തനെ ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽനിന്ന് എല്ലാ ഇനം പച്ചക്കറികളും സുലഭമായി വന്നു തുടങ്ങിയെന്ന് ഇവർ പറഞ്ഞു. വില പഴയ നിരക്കിലേക്ക് എത്തിയിട്ടില്ലെങ്കിലും വലിയ വ്യത്യാസം ഉണ്ടായത് സാധാരണക്കാർക്ക് ആശ്വാസമായിട്ടുണ്ട്. പച്ചമുളക് -80, പാവക്ക -40, പയർ -40, വെണ്ടക്ക -30, തക്കാളി -30, ബീറ്റ്റൂട്ട് -35, കാബേജ് -35, പടവലം -16, കോവക്ക -33, വെള്ളരിക്ക -12 എന്നിങ്ങനെയാണ് മാർക്കറ്റിലെ ചില്ലറ വില. എന്നാൽ, മുരിങ്ങക്കും പച്ചമാങ്ങക്കും വില കുറഞ്ഞിട്ടില്ല. മുരിങ്ങക്ക കിലോക്ക് 200 രൂപയും പച്ചമാങ്ങക്ക് 90 രൂപയും കാരറ്റിനു 80 രൂപയുമാണ് നിലവിലെ വില. സംസ്ഥാനത്ത് മഴ മാറി വേനൽആരംഭിച്ചതോടെ പച്ചക്കറി കൃഷി കൂടുതാലായി ആരംഭിച്ചിട്ടുണ്ട്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലാണ് പയർ, വെള്ളരി, പടവലം, വെണ്ട, പാവൽ തുടങ്ങിയവ കൃഷി ചെയ്തുവരുന്നത്. കുടുംബശ്രീയുടെയും മറ്റും നേതൃത്വത്തിൽ ജലസേചന സൗകര്യം പ്രയോജനപ്പെടുത്തിയാണ് കൃഷിയിറക്കിയിരിക്കുന്നത്. കൃഷിഭവന്റെ സബ്സിഡിയോടെ മഴമറ കൃഷിയും ഗ്രോബാഗ് കൃഷിയും വ്യാപകമായി നടത്തിവരുന്നുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുസ്ഥലങ്ങളിൽ പച്ചക്കറി ഉൾപ്പെടെയുള്ള കൃഷിക്ക് സബ്സിഡി നൽകുന്നതും നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story