Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 11:59 PM GMT Updated On
date_range 11 May 2022 11:59 PM GMTഭിന്നശേഷിക്കാർക്ക് ഏകീകൃത കാർഡ്: ജില്ലയും ഒരുങ്ങുന്നു
text_fieldsbookmark_border
തൊടുപുഴ: എല്ലാ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് (യൂനിഫൈഡ് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ കാർഡ്) ലഭ്യമാക്കാനുള്ള നടപടികൾക്ക് ജില്ലയിലും തുടക്കമാകുന്നു. ഇതിനായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സ്പെഷൽ ഡ്രൈവ് സംഘടിപ്പിക്കാൻ ബുധനാഴ്ച ചേർന്ന ജില്ലതല ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. കലക്ടറുടെ നേതൃത്വത്തിൽ സ്പെഷൽ ഡ്രൈവ് ഒരാഴ്ചക്കകം ആരംഭിക്കും. നിലവിൽ ജില്ലതല മെഡിക്കൽ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റാണ് വൈകല്യം തെളിയിക്കാൻ ഭിന്നശേഷിക്കാർ ആധികാരിക രേഖയായി ഉപയോഗിക്കുന്നത്. ഇതിന് പകരമാണ് ആധാർ മാതൃകയിൽ ഏകീകൃത തിരിച്ചറിയൽ കാർഡ് കൊണ്ടുവരുന്നത്. രാജ്യത്തൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ഒരു മാസത്തിനകം എല്ലാ ഭിന്നശേഷിക്കാർക്കും കാർഡ് ലഭ്യമാക്കാനുമാണ് തീരുമാനം. സ്വന്തം നിലയിൽ അപേക്ഷിച്ച് കാർഡ് സ്വന്തമാക്കിയ ഭിന്നശേഷിക്കാർ ജില്ലയിലുണ്ട്. എന്നാൽ, ഇവരുടെ എണ്ണം വളരെ കുറവാണ്. എല്ലാവർക്കും കാർഡിന്‍റെ പ്രയോജനം ഉറപ്പാക്കുകയാണ് സ്പെഷൽ ഡ്രൈവിന്‍റെ ലക്ഷ്യമെന്ന് ജില്ല സാമൂഹികനീതി ഓഫിസർ വി.ജെ. ബിനോയി പറഞ്ഞു. ജില്ലയിൽ 26,262 ഭിന്നശേഷിക്കാർ ഉണ്ടെന്നാണ് കണക്ക്. ഒരാഴ്ചക്കകം നിയോജകമണ്ഡലം അടിസ്ഥാനത്തിൽ കാർഡ് ലഭിക്കാനുള്ള ഭിന്നശേഷിക്കാരുടെ കണക്കെടുത്ത ശേഷം പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിച്ച് വിതരണം ചെയ്യാനാണ് പദ്ധതി. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് അക്ഷയകേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷിച്ച് കാർഡ് സ്വന്തമാക്കാനുള്ള സൗകര്യം സാമൂഹികനീതി വകുപ്പ് ഒരുക്കിയിരുന്നു. ജില്ല മെഡിക്കൽ ഓഫിസറുടെ ഓഫിസിൽ ലഭിക്കുന്ന ഓൺലൈൻ അപേക്ഷകളിൽ അപേക്ഷകനെ വിളിച്ചുവരുത്തി രേഖകളും ഭിന്നശേഷിയും പരിശോധിച്ച് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്ത് എടുക്കാവുന്ന വിധത്തിലാണ് സംവിധാനം. box യു.ഡി.ഐ.ഡി കാർഡ് * ഭിന്നശേഷിക്കാരെ തിരിച്ചറിയുന്നതിനൊപ്പം അവരുടെ വൈകല്യങ്ങളുടെ വിശദാംശങ്ങൾ പൂർണമായും ഉൾക്കൊള്ളുന്നതാണ് ഏകീകൃത തിരിച്ചറിയൽ കാർഡ്. * കാർഡ് ഉടമകൾ വൈകല്യം തെളിയിക്കുന്ന ഒന്നിലധികം രേഖകൾ കൈവശം കൊണ്ടുനടക്കുകയോ പകർപ്പുകൾ സൂക്ഷിക്കുകയോ ചെയ്യേണ്ടതില്ല. തങ്ങളെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ലഭ്യമായ കാർഡ് വിവിധ ആവശ്യങ്ങൾക്ക് ഒറ്റ ആധികാരിക രേഖയായി ഉപയോഗിക്കാം. * ഭിന്നശേഷിക്കാർക്ക് സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾ ലഭിക്കാൻ തിരിച്ചറിയൽ, വേരിഫിക്കേഷൻ എന്നീ ആവശ്യങ്ങൾക്കുള്ള ഏക രേഖയായിരിക്കും യു.ഡി.ഐ.ഡി കാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story