11 വില്ലേജ് ഓഫിസുകൂടി സ്മാര്‍ട്ടായി; ആറെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു
text_fieldsതൊടുപുഴ: ജില്ലയില്‍ 11 വില്ലേജ് ഓഫിസുകൂടി സ്മാര്‍ട്ടായി. ഇവയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായാണ് 11 വില്ലേജ് ഓഫിസുകൾ സ്മാർട്ടായത്. ഉടുമ്പൻചോല താലൂക്കിൽ ചതുരംഗപ്പാറ, കൽക്കൂന്തൽ, പാറത്തോട്, കരുണാപുരം, ശാന്തൻപാറ, ഉടുമ്പൻചോല എന്നീ വില്ലേജ് ഓഫിസും ദേവികുളം താലൂക്കിൽ മന്നാംകണ്ടം, മാങ്കുളം, വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജ് ഓഫിസും പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജ് ഓഫിസുമാണ് നാടിന് സമർപ്പിച്ചത്.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാറിന്റെ പ്രഖ്യാപിത നയം നടപ്പാക്കുന്നതിെൻറ ഭാഗമായി റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ കെട്ടിടത്തിനും 44 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇതോടെ ജില്ലയിലെ 68 വില്ലേജ് ഓഫിസുകളില്‍ 30 എണ്ണം സ്മാർട്ടായി.
ആറെണ്ണത്തിെൻറ നിർമാണം പുരോഗമിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം അഞ്ച് സ്മാര്‍ട്ട് വില്ലേജ് ഓഫിസിനുകൂടി അനുമതിയായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകളിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. മഞ്ചുമല സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടന ചടങ്ങിൽ വാഴൂര്‍ സോമൻ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇടുക്കി സബ് കലക്ടര്‍ ഡോ. അരുൺ എസ്. നായര്‍ സ്വാഗതം പറഞ്ഞു.
പാറത്തോട്, കല്ക്കൂന്തൽ വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം നെടുങ്കണ്ടം സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്നു. എം.എം. മണി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒരേ വളപ്പില്‍ നിർമിച്ച ഉടുമ്പൻചോല, ചതുരംഗപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടന ചടങ്ങില്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് കെ. സജികുമാർ അധ്യക്ഷത വഹിച്ചു. കരുണപുരം സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ് അധ്യക്ഷത വഹിച്ചു.
ശാന്തൻപാറ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹന്‍കുമാര്‍ നിര്‍വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ആർ. ജയന് അധ്യക്ഷത വഹിച്ചു. അടിമാലി മന്നാംകണ്ടം വില്ലേജ് ഓഫിസ് അങ്കണത്തില്‍ നടന്ന യോഗത്തില്‍ എ. രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതം പറഞ്ഞു.
മാങ്കുളം വില്ലേജ് ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ അഡ്വ. എ. രാജ എം.എല്‍.എ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശർമ സ്വാഗതം പറഞ്ഞു.വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം വട്ടവട ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. പ്രസിഡന്റ് ഗണപതിയമ്മാൾ, വൈസ് പ്രസിഡന്റ് കെ. വേലായുധൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
രണ്ട് വില്ലേജ് ഓഫിസുകൾ ഇനി ഒരു വളപ്പില്‍
ഇടുക്കി: ചതുരംഗപ്പാറ പ്രദേശവാസികള്‍ക്ക് ആശ്വാസകരമായി പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം. ഏറെ നാളത്തെ ദുരിതപൂർണമായ കാത്തിരിപ്പിനാണ് വിരാമമായത്. ദുര്‍ഘട പാത താണ്ടി ഇനി വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വില്ലേജ്ഓഫീസിലേക്ക് പോകേണ്ടതില്ല. ഉടുമ്പന്‍ചോലയില്‍ ഇനി മുതല്‍ ഒരേ വളപ്പില്‍ ഉടുമ്പന്‍ചോല, ചതുരംഗപ്പാറ വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. വനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ആയതിനാൽ തന്നെ വൈദ്യുതി, ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളുടെ ലഭ്യത പരിമിതമായിരുന്നു.
1956 ലാണ് ചതുരംഗപാറ വില്ലേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 1984 ല്‍ നിർമിച്ച കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. തമിഴ്നാട് അതിര്‍ത്തിയായ മാന്‍കുത്തിമേട് മുതല്‍ സേനാപതി വരെ നീണ്ടുകിടക്കുന്ന പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ് പരിധിയില്‍ വരുന്നത്. വില്ലേജ് ഓഫീസിലെത്താന്‍ ഉടുമ്പന്‍ചോലയില്‍ എത്തി ഭീമമായ തുക വണ്ടിക്കൂലി നല്‍കണം.
കാട്ടാന ശല്യം വേറെയും. കൂടാതെ ഫോട്ടോസ്റ്റാറ്റ്, പ്രിന്റ് മുതലായവ ലഭിക്കണമെങ്കില്‍ ഉടുമ്പന്‍ചോലയിലേക്ക് തിരിച്ചെത്തണം. പുതിയ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുന്നതോടെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവും.സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ ജനങ്ങള്‍ക്കുള്ള ഇരിപ്പിടം, ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമമുറി, ശൗചാലയം, ഓഫീസ് ക്യാബിന്, ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള മുറി, സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍, സെര്‍വര്‍ റൂം, റെക്കോര്‍ഡ് റൂം, അംഗപരിമിതര്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.