ഏഴു മാസത്തിനിടെ ഇടുക്കി ജില്ലയിലെ ജലാശയങ്ങളിൽ പൊലിഞ്ഞത് 12 ജീവൻ
text_fieldsതൊടുപുഴ: ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പൊലിയുന്ന ജീവനുകളുടെ എണ്ണം വർധിക്കുന്നു. 2021 ജനുവരി ഒന്ന് മുതൽ ജൂലൈ വരെ 12 പേരാണ് ജില്ലയിലെ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ട് മരിച്ചത്. തൊടുപുഴ-നാല്, മൂലമറ്റം-മൂന്ന്, കട്ടപ്പന-രണ്ട്, ഇടുക്കി-രണ്ട്, മൂന്നാർ-ഒന്ന് എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മുങ്ങിമരിച്ചവരുടെ എണ്ണം. ഇവരിൽ കൂടുതൽ പേരും സ്ഥലങ്ങളെക്കുറിച്ച് പരിചയം ഉള്ളവരുമാണ്.
കഴിഞ്ഞ ദിവസമാണ് കുളമാവ് അണക്കെട്ടിൽ സഹോദരങ്ങൾ മുങ്ങിമരിച്ചത്. മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കുളമാവ് ചക്കിമാലി കോഴിപ്പുറത്ത് ബിജു, ബിനു എന്നിവർക്ക് ജലാശയം സുപരിചിതമായിരുന്നു. മീൻ പിടിക്കുന്നതിനായി കെട്ടിയ വലയഴിക്കാൻ പോകവെയാണ് ഇരുവരും മുങ്ങിമരിച്ചത്. രണ്ടാഴ്ച മുമ്പാണ് ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ യുവ ഡോക്ടറും സുഹൃത്തും മുങ്ങി മരിച്ചത്.
പെരിയകനാൽ എസ്റ്റേറ്റിലെ മെഡിക്കൽ ഓഫിസർ ഡോ. ആശിഷ് പ്രസാദ്, ചെണ്ടുവരൈ എസ്റ്റേറ്റിലെ അസിസ്റ്റൻറ് മാനേജർ ഗോകുൽ തിമ്മയ്യ എന്നിവരാണ് മരിച്ചത്. ഡാമിലകപ്പെട്ട ആശിഷിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഗോകുലും അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ മാസം 15ന് ഇടുക്കി ജലാശയത്തിെൻറ ഭാഗമായ ഉപ്പുതറ കെട്ടുചിറയിൽ മത്സ്യം പിടിക്കാൻ പോയ രണ്ടു യുവാക്കളുടെ ജീവനും നഷ്ടമായിരുന്നു. ഉപ്പുതറ മാട്ടുതാവളം കുമ്മിണിയിൽ ജോയിസ്, ഇല്ലിക്കൽ മനോജ് എന്നിവരാണ് അന്ന് മരിച്ചത്. മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്താനായത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ നടൻ അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങി മരിച്ചത് മലയാളികൾക്ക് തീരാ നൊമ്പരമായി മാറിയിരുന്നു.
മനോഹരം, ഒളിഞ്ഞിരിക്കുന്നത് ചതിക്കുഴി
കാഴ്ചയിൽ കൗതുകവും മനോഹരവുമൊക്കെയായി തോന്നുമെങ്കിലും ഇടുക്കിയിലെ ജലാശയങ്ങളിൽ പതിയിരിക്കുന്ന ചതിക്കുഴികൾ മനസ്സിലാക്കാതെയാണ് പലരും അപകടത്തിലേക്ക് എടുത്ത് ചാടുന്നത്. അനക്കമില്ലാതെ കിടക്കുന്ന ജലാശയത്തിെൻറ അരികിലും മറ്റും നീന്തുന്നതും കുളിക്കുന്നതും ഏറെ അപകടകരമാണ്. മഴക്കാലങ്ങളിലും മറ്റും അപരിചിതർ എത്തി അപകടത്തിൽപ്പെട്ട നിരവധി സംഭവങ്ങൾ മുൻ വർഷങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് മറ്റ് ജില്ലകളിൽനിന്നും എത്തിയ യുവാക്കളടക്കം മുൻ വർഷങ്ങൾ ജില്ലയിലെ വിവിധ ജലാശയങ്ങളിൽ മുങ്ങി മരിച്ചിട്ടുണ്ട്.
ഡാമിലെ താഴ്ചയും അഗാധങ്ങളിലെ കൊടും തണുപ്പും മൂലം പലപ്പോഴും രക്ഷാ പ്രവർത്തനവും ദുഷ്കരമാകാറുണ്ട്. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാകും പലപ്പോഴും പുറത്തറിയുക. അപ്പോഴേക്കും കൃത്യമായ സ്ഥലം കണ്ടെത്തുന്നതടക്കം പ്രയാസകരമാകും.
അണക്കെട്ടിലെ മീൻപിടിത്തം; വേണം അതിജാഗ്രത
കുളമാവില്‍ മാത്രം 15 ല്‍പരം ആളുകള്‍ ദിവസേന മീന്‍ പിടിക്കുന്നുണ്ട്. ഡാമിെൻറ വൃഷ്ടി പ്രദേശം ഒട്ടാകെ കണക്കെടുത്താല്‍ ഇത് നൂറിലധികമാകും. ഇവർ പരിചയ സമ്പന്നരായിരിക്കും. എന്നാൽ, യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് ചെറുവള്ളങ്ങളിൽ മത്സ്യം പിടിക്കുന്നവർ ജലാശയങ്ങളിലേക്ക് പോകുന്നത്.
പ്രതികൂല കാലാവസ്ഥയിലും മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് ലൈഫ് ജാക്കറ്റെങ്കിലും ലഭ്യമാക്കണമെന്നാണ് ആവശ്യം. മറ്റ് ജലാശയങ്ങളെ അപേക്ഷിച്ച് വനമേഖലയിലെ ഡാമുകളില്‍ വെള്ളത്തിന് സാന്ദ്രത കൂടുതലാണ്. അതിനാല്‍ വള്ളം മറിഞ്ഞും മറ്റും അപകടത്തില്‍പ്പെടുന്നവര്‍ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തളര്‍ന്ന് താഴ്ന്ന് പോകാൻ സാധ്യതയേറെയാണ്.
ഡാമിലൂടെയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ ചുറ്റി ഉളുപ്പൂണി - വാഗമണ്‍ വഴിയിലൂടെയാണ് ഭൂരിഭാഗം പേരും ഇപ്പോള്‍ പുറം ലോകത്തെത്തുന്നത്. എങ്കിലും യാത്രാ മാര്‍ഗമായി ഡാമിനെയും വള്ളത്തെയും ആശ്രയിക്കുന്നവരും ഇപ്പോഴുമുണ്ട്. ഇവര്‍ക്കും മീന്‍ പിടിത്തക്കാര്ക്കുമായി ബോധവത്കരണവും നീന്തല്‍ പരിശീലനവും നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മുന്നറിയിപ്പ് അവഗണിക്കുന്നു
ജലാശയങ്ങളിലെ അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഇത്തരം സ്ഥലങ്ങളിൽ നേരത്തേ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. അവധിക്കാലമാവുകയും വേനൽ കനക്കുകയും ചെയ്തതോടെ നദികളിലും ജലാശയങ്ങളിലും കുളിക്കാനെത്തി അപകടത്തിൽപെടുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ഫയർഫോഴ്സ് ബോർഡുകൾ സ്ഥാപിച്ചത്.
എന്നാൽ, ഇതവഗണിച്ചാണ് പലരും അശ്രദ്ധമായി ജലാശയങ്ങളിലിറങ്ങുന്നത്. അപകടങ്ങൾ വർധിച്ചതോടെ ഫയർഫോഴ്സിലെ സ്കൂബാ ടീമിനും വിശ്രമമില്ലാതായി. കുളമാവ് ഡാമിൽ കാണാതായ സഹോദരങ്ങൾക്കായി ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കിട്ടിയത്.
ഫയർഫോഴ്സിലെ സ്കൂബാ ടീമും ഫയർഫോഴ്സും സിവിൽ ഡിഫൻസ് ടീമും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. എല്ലാ സൗകര്യവുമുള്ള സ്കൂബാ വാഹനവും പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരും ജില്ലയിൽ ഫയർഫോഴ്സിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.