വനാതിർത്തിയിൽ ജീവിതം വഴിമുട്ടി 15 കുടുംബങ്ങൾ
text_fieldsകുളമാവ്: വനാതിർത്തിയിലെ ജീവിതം വഴിമുട്ടിയവർ കുളമാവിൽനിന്ന് പാലായനം ചെയ്യാൻ ഒരുങ്ങുന്നു. 15ലേറെ കുടുംബങ്ങളാണ് സ്ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് അപേക്ഷ സമർപ്പിച്ചത്. റീബിൽഡ് കേരള പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കണമെന്നാണ് ആവശ്യം. കുളമാവിലെ കാർഷിക മേഖലയിലെ തകർച്ചയാണ് പാലായനത്തിനൊരുങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. വന്യജീവി ശല്യം രൂക്ഷമായതും കർഷകരെ ദുരിതത്തിലാക്കുന്നു. ഭൂമി ഏറ്റെടുത്ത് പകരം പണം നൽകണമെന്നാണ് ആവശ്യം. കാട്ടുപന്നിയുടെയും ചിലയിടങ്ങളിൽ കാട്ടാനയുടെയും ശല്യമുണ്ട്. ഇതുമൂലം കാർഷിക വിളകളുടെ ആദായം എടുക്കാൻ സാധിക്കുന്നില്ല. കൂടാതെ മറ്റുജോലി സാധ്യതകളുമില്ലാതെ ആളുകൾ ദുരിതത്തിലായിരിക്കുകയാണ്. പ്രദേശത്ത് പ്രധാന ജോലിക്കുള്ള മാർഗം വെള്ളൂർ ന്യൂസ് പ്രിന്റിെൻറ പ്ലാന്റേഷനിലെ ജോലികളായിരുന്നു. എന്നാൽ, പ്ലാന്റേഷൻ ജോലി നിലവിലില്ലാത്തതിനാൽ ഈ മാർഗവും അടഞ്ഞു. ഇപ്പോൾ തൊടുപുഴ പ്രദേശങ്ങളിലാണ് ജോലി തേടിപ്പോകുന്നത്. കലംകമിഴ്ത്തി പ്രദേശത്തുനിന്നാണ് ഒട്ടേറെ ആളുകൾ സ്ഥലം കൈമാറിപ്പോകാൻ ഒരുങ്ങുന്നത്. ഇവിടേക്ക് ഒരു റോഡ് പോലും ഇല്ലാത്തതുമൂലം പ്രദേശത്തുള്ളവർ ദുരിതത്തിലാണ്. പഞ്ചായത്ത് റോഡിന്റെ നിർമാണം വനംവകുപ്പ് തടയുകയും ചെയ്യുന്നു. നഗരംപാറ റേഞ്ച് ഓഫിസർക്ക് അപേക്ഷ കൊടുത്ത് വനംവകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതിനായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ. കൂടുതൽ ആളുകൾ അപേക്ഷയുമായി എത്തിയെങ്കിലും റേഞ്ച് ഓഫിസർ സ്വീകരിക്കാൻ തയാറാകുന്നില്ല എന്ന ആക്ഷേപമുണ്ട്.
വനാന്തരങ്ങളിൽ ഒറ്റപ്പെട്ട ആദിവാസി ഇതര ജനവിഭാഗങ്ങളെ മാറ്റിത്താമസിപ്പിക്കാൻ ‘നവകിരണം’ പേരിൽ സർക്കാർ പദ്ധതിയുണ്ട്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനംവകുപ്പ് സ്ഥലം ഏറ്റെടുക്കുന്നത്. ശേഷം അതിന് പണം സർക്കാർ നൽകും. മാതാപിതാക്കളും പ്രായപൂർത്തിയാകാത്ത മക്കളും ഉൾപ്പെടുന്ന കുടുംബത്തെ ഒരു യൂനിറ്റായി കണക്കാക്കിയാണ് നഷ്ടപരിഹാരത്തുക അനുവദിക്കുന്നത്. ഒരു യൂനിറ്റിന് 15 ലക്ഷം രൂപ അനുവദിക്കും. കുടുംബത്തിൽ പ്രായപൂർത്തിയായ മക്കളുണ്ടെങ്കിൽ രണ്ടോ അതിലധികമോ യൂനിറ്റുകളായി കണക്കാക്കി തുക അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.