പൂമാലയിൽ 15 ലക്ഷത്തിന്‍റെ കുടിവെള്ള പദ്ധതി പൂർത്തിയാകുന്നു
text_fieldsവെള്ളിയാമറ്റം: പൂമാലയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. 15 ലക്ഷം രൂപ മുതൽമുടക്കി പുതിയ മോട്ടോറും പൈപ്പ് ലൈനും സ്ഥാപിച്ച് നിലവിലെ കുടിവെള്ള പദ്ധതി വിപുലീകരിച്ചാണ് ജലക്ഷാമത്തിന് പരിഹാരം കാണുന്നത്. ജലനിധിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ 110 കുടുംബങ്ങൾക്ക് വർഷം മുഴുവൻ കുടിവെള്ളം ലഭിക്കും.
നിലവിൽ വളയാറ്റിൽ കുളത്തിൽനിന്ന് വെള്ളം പമ്പ് ചെയ്ത് പൂൻകുടിമലയിൽ എത്തിച്ച് കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി ഉണ്ടെങ്കിലും വേനൽക്കാലത്ത് ക്ഷാമം അനുഭവപ്പെടാറുണ്ട്. വേനലിൽ വളയാറ്റിൽ കുളത്തിലെ വെള്ളം കുറയുന്നതാണ് കാരണം.ഇതിന് പരിഹാരം കാണുന്നതിനാണ് കുറുവക്കയം കുളംകൂടി ഉപയോഗപ്പെടുത്തി പദ്ധതി വിപുലീകരിക്കുന്നത്.
കുറുവക്കയം കുളത്തിൽനിന്ന് പൈപ്പ് ലൈൻ സ്ഥാപിച്ച് പൂൻകുടിമലയിലെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യും. വളയാറ്റിൽ കുളവും പൂൻകുടികുളവും ഉപയോഗിക്കുമ്പോൾ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രാദേശിക സമിതികൾ രൂപവത്കരിച്ച് പൂർണമായും അവരുടെ നേതൃത്വത്തിലാണ് കുടിവെള്ള പദ്ധതി പ്രവർത്തിക്കുക. പ്രാരംഭ പ്രവൃത്തികൾക്ക് മാത്രമാണ് ധനസഹായം ലഭിക്കുക. ശേഷമുണ്ടാകുന്ന മുഴുവൻ ചെലവുകളും വഹിക്കേണ്ടത് പ്രാദേശിക സമിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.