അതിർത്തി മേഖലയിൽ മലയാളം സാക്ഷരരാകാൻ 2000 പേർ
text_fieldsതൊടുപുഴ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ ഇടുക്കി ജില്ലയിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്‍റെ ഭാഗമായി കാന്തല്ലൂർ, മറയൂർ ഗ്രാമപഞ്ചായത്തുകളിൽനിന്നായി മലയാളത്തിൽ സാക്ഷരരാകാൻ 2000 പേർ.ഇതിനായി ഗ്രാമപഞ്ചായത്തുകളിൽ സംഘാടക സമിതി രൂപവത്കരിച്ചു. ജില്ലയിലെ 5000 പേരെ കൂടി സാക്ഷരരാക്കാൻ ഉദ്ദേശിച്ചാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്.
മറയൂർ ഗ്രാമപഞ്ചായത്തിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗം പ്രസിഡന്‍റ് ഉഷ ഹെൻട്രി ജോസഫ് ഉദ്ഘാടനം ചെയ്തു.സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്ദുൽകരീം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. അലി, സി. കുട്ടിരാജ്, അംബിക രഞ്ജിത്, തങ്കം പരമശിവം, അസി. സെക്രട്ടറി തോമസ്, സി.ഡി.എസ് ചെയർപേഴ്സൻ സിനി പുന്നൂസ് എന്നിവർ സംസാരിച്ചു.
മറയൂരിൽ 1000 പേരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. കാന്തല്ലൂരിൽ വൈസ് പ്രസിഡന്‍റ് കൊച്ചുത്രേസ്യ ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്ദുൽകരീം പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കാർത്യായനി, ബിജു, പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ, സുബ്രഹ്മണ്യൻ, എസ്തേർ, അശ്വതി, സെക്രട്ടറി കെ. സന്തോഷ്, വിനു പി. ആന്‍റണി, ആർ. വാസന്തി എന്നിവർ സംസാരിച്ചു. 1000 പേരാണ് കാന്തല്ലൂരിൽനിന്ന് സാക്ഷരത പഠിതാക്കളാകുന്നത്.
ഏലപ്പാറയിൽ സ്ഥിരം സമിതി അധ്യക്ഷ അമ്മിണി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോസഫ് അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ അസി.കോഓഡിനേറ്റർ ജമിനി ജോസഫ് പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് അംഗങ്ങളായ ഉമ്മർ ഫറൂഖ്, ഷൈൻകുമാർ, എം.കെ. സുനിത, പ്രദീപ്, സെക്രട്ടറി ഹാരിസ് ഖാൻ, വിനു പി. ആന്റണി, പി.കെ. ഗോപിനാഥൻ, കെ.ആർ. സുരേഷ് എന്നിവർ സംസാരിച്ചു. കഴിഞ്ഞവർഷം ജില്ലയിൽ നടപ്പാക്കിയ പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയിൽ ഇൻസ്ട്രക്ടർമാരായി സേവനം അനുഷ്ഠിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊന്നിച്ച് നടന്നു. ഒക്ടോബർ രണ്ടിനാണ് സാക്ഷരത പഠിതാക്കളെ കണ്ടെത്താനുള്ള സർവേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.