ബീഫ് കഴിച്ച 24 ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക്, ഭാര്യയും മക്കളുമായി ബന്ധം പുലര്‍ത്താന്‍ പാടില്ല; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsമറയൂർ (ഇടുക്കി): ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. ഭാര്യയും മക്കളും ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ പാടില്ല. സംഭവത്തില്‍ പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകല്‍, കവക്കുട്ടി ആദിവാസി കുടികളിലെ യുവാക്കളെയാണ് ഊരുകൂട്ടം ഊരുവിലക്കിയത്. പാരമ്പര്യമായി പാലിച്ചുപോന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുദ്ധമായി ബീഫ് കഴിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ.
ആട്, കോഴി ഉള്‍പ്പെടെ മാംസാഹാരം കഴിക്കാറുണ്ടെങ്കിലും ഇവർക്കിടയിൽ ബീഫ് പതിവില്ല. എന്നാല്‍, ചില യുവാക്കള്‍ ഹോട്ടലുകളില്‍ നിന്നും, വാങ്ങി കൊണ്ടുപോയി പാകം ചെയ്തും ബീഫ് കഴിക്കുന്നത് പതിവായതിനെതുടർന്ന് തിങ്കളാഴ്ച ഊരുകൂട്ടം േചർന്ന് ഊരുവിലക്കുകയായിരുന്നു. ഉൗരുവിലക്കപ്പെട്ടവർക്ക് കുടികളില്‍ കയറാമെങ്കിലും വീടിനുള്ളില്‍ പ്രവേശനമില്ല. പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നതിന് തടസ്സമില്ലെന്നും ഉൗരുകൂട്ടം വിധിച്ചു. ഉൗരുവിലക്കപ്പെട്ടവർ കാട്ടിൽ അഭയം തേടിയിരിക്കുകയാണ്.
സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചിനും പൊലിസിനും പുറമെ പഞ്ചായത്ത് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ, ഉൗരുവിലക്ക് പിൻവലിച്ച് യുവാക്കളെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചതായും അറിയുന്നു.
കുടിയിലെ മറ്റ് ചിലർക്കൊപ്പം താനും ബീഫ് ഉള്‍പ്പെടെ ഭക്ഷണം കഴിക്കാറുണ്ടെന്നും ഇതിെൻറ പേരില്‍ ഊരുവിലക്കുന്നത് ഇഷ്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും നെല്ലിപ്പെട്ടിക്കുടിയില്‍ ഊരുവിലക്കപ്പെട്ട ആറുമുഖം പറയുന്നു.
ഊരുവിലക്കപ്പെട്ടതോടെ വീട്ടില്‍ കയറാനും ഭാര്യയോടും മക്കളോടും നേരിട്ട് സംസാരിക്കാനും കഴിയുന്നില്ലെന്ന് വേങ്ങപ്പാറക്കുടിയിൽ ഊരുവിലക്കപ്പെട്ട ധര്‍മരാജ് പറഞ്ഞു. വീടിനുള്ളില്‍ കയറിയാല്‍ വീട്ടുകാരെയും ഊരുവിലക്കുമെന്ന ഭയമുണ്ട്. അധികൃതര്‍ ഇക്കാര്യത്തിൽ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ധര്‍മരാജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.