കട്ടപ്പന നഗരസഭയിൽ 350 കുടുംബങ്ങൾ കരുതൽ മേഖലയിൽ
text_fieldsകട്ടപ്പന: നഗരസഭയിൽ കരുതൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന 33,34 വാർഡുകളിൽ ഉടൻ ഫീൽഡ് സർവേ നടത്തുവാൻ തീരുമാനം. റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ജിയോ ടാഗിന്റെ സഹായത്തോടെ ഫീൽഡ് സർവേ നടത്താൻ തീരുമാനിച്ചത്. കട്ടപ്പന നഗരസഭയിൽ കല്യാണതണ്ട് മലനിരകളോട് ചേർന്ന 33ാം വാർഡിലും, 34ാം വാർഡിലും ഉൾപ്പെട്ട ബ്ലോക്ക് 62ലെ 30ഓളം സർവേ നമ്പറുകളിലെ സ്ഥലങ്ങളാണ് കരുതൽ മേഖല ഉപഗ്രഹ സർവേയിൽ ഉൾപ്പെട്ടിരിക്കുന്നത്.
വനംവകുപ്പിന്റെ സർവേ പ്രകാരം 112ഓളം കുടുംബങ്ങളോ അല്ലെങ്കിൽ നിർമിതികളോ കരുതൽ മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് രേഖകളിൽ ഉള്ളത്. എന്നാൽ, ഈ പ്രദേശത്ത് 350ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. നഗരസഭ കാര്യാലയത്തിൽ നടന്ന യോഗത്തിൽ ഇടുക്കി വൈൽഡ് ലൈഫ് അസി. വാർഡൻ അടക്കമുള്ളവർ പങ്കെടുത്തു. കരുതൽ മേഖലയിൽ ഉൾപ്പെട്ട ഈ മേഖലകളിൽ ഫീൽഡ് സർവേ നടത്തി പ്രദേശം ജനവാസ മേഖലയാണെന്ന് തെളിയിക്കാനാണ് നീക്കം. നിർമല സിറ്റി വാർഡിന്റെ ഭൂരിഭാഗവും ബഫർസോൺ ഉൾപ്പെട്ടിട്ടുണ്ട്. 34ാം വാർഡിന്റെ ഏതാനും മേഖലയും ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദേശം 200 ഏക്കറോളം സ്ഥലമാണ് കരുതൽ മേഖല പരിധിയിൽ വന്നിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.